Sun. Nov 22nd, 2026

താൻ കെ.പി.സി.സി പ്രസിഡന്റായത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇഷ്ടമായിരുന്നില്ലെന്ന് വി.എം.സുധീരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഉമ്മൻചാണ്ടി തന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പിന്നീട് അദ്ദേഹത്തെ വീട്ടിൽ പോയി താൻ കണ്ടു. എന്നാൽ ക്രൂരമായ നിസംഗതയാണ് ഉമ്മൻചാണ്ടി കാണിച്ചത്. പ്രസിഡന്റ് ആയശേഷം ആദ്യമായി നടത്തിയ ജനപക്ഷ യാത്ര പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. യാത്ര ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ ഉദ്ഘാടന പ്രംസഗത്തിൽ ഒരിടത്തുപോലും ജാഥാ ക്യാപ്ടനായ തന്റെ പേര് ഉമ്മൻ ചാണ്ടി പരാമർശിച്ചില്ല. രണ്ടാമത്തെ ജനരക്ഷാ യാത്രയിലും ഇതായിരുന്നു സ്ഥിതി. ജനരക്ഷാ യാത്ര കോട്ടയത്ത് എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി തന്നെ അൽപമെങ്കിലും പുകഴ്ത്തി സംസാരിച്ചത്.

തന്നെ കെ.പി.സി.സി പ്രസിഡന്റായി മുകളിൽ നിന്ന് ആരും കെട്ടിയിറക്കിയതല്ല. പ്രവർത്തിച്ച് തന്നെയാണ് പാർട്ടിയിലെ സ്ഥാനങ്ങളിൽ എത്തിയത്. മറ്റാരെയും പോലെ കെ.പി.സി.സി പ്രസിഡന്റാകാൻ സർവ്വഥാ യോഗ്യനാണ് താനെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു.