Wed. Apr 24th, 2024

അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാലാ സ്വദേശിയായ മധ്യവയസ്കനായ ഡോക്ടറിൽ നിന്ന് മറിയാമ്മ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല, എട്ടു ലക്ഷം രൂപ. മറിയാമ്മയും സംഘവും പൊലീസിന്റെ പിടിയിലായതോടെയാണ് തട്ടിപ്പിന്റെ ചുരുൾ നിവർന്നത്. ഇത്തരത്തിൽ മറിയാമ്മയും സംഘവും പല ഉന്നതരേയും കുടുക്കിയതായി അറിവായിട്ടുണ്ട്. ആരും പൊലീസിൽ അറിയിച്ചില്ലെന്നു മാത്രം. ആരെയൊക്കെ വീഴ്ത്തിയെന്ന് അറിയാൻ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തട്ടിപ്പുകാരി വടക്കേത്തലയ്ക്കൽ മറിയാമ്മ ആളൊരു വില്ലത്തിയാണെന്ന് ഇപ്പോഴാണ് നാട്ടുകാർക്ക് ശരിക്കും മനസ്സിലായത്

പത്തനംതിട്ട വളഞ്ഞവട്ടം വടക്കേത്തലയ്ക്കൽ മറിയാമ്മ (44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരാണ് പിടിയിലായത്. കോട്ടയം വെസ്റ്റ് സി.ഐ.നിർമ്മൽ ബോസ് ഒരുക്കിയ വലയിലാണ് ഇവർ കുടുങ്ങിയത്.

കോട്ടയത്തിന് തൊട്ടടുത്ത ജില്ലയിലെ പ്രമുഖ സർക്കാർ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ചികിത്സക്കെന്നു പറഞ്ഞാണ് ആറു മാസം മറിയാമ്മ ഡോക്ടറെ സമീപിച്ചത്. പക്ഷേ, അവരുടെ വലയിൽ ഡോക്ടർ അകപ്പെടുകയായിരുന്നു. ഡോക്ടർ രക്ഷപ്പെടാതിരിക്കാനുള്ള അത്യാവശ്യം കുരുക്കുകൾ മുറുക്കിയ ശേഷമാണ് മറിയാമ്മ കളം വിട്ടത്. രണ്ടു മാസം മുമ്പ് ഡോക്ടറോട് മൂന്നു ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ മറിയാമ്മയുടെ മട്ടുമാറി. തന്നില്ലെങ്കിൽ താങ്കളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായി. ഡോക്ടർ പ്രമുഖനായതിനാൽ മാനഹാനി ഭയന്ന് ചോദിച്ച പണം റെഡി കാഷായിത്തന്നെ നൽകി.

ഒരു മാസം കഴിഞ്ഞില്ല വീണ്ടും മറിയാമ്മ ഡോക്ടറെ സമീപിച്ചു. ഇക്കുറി അഞ്ചു ലക്ഷം രൂപയാണ് ചോദിച്ചത്. ഇനിയും ഈ പേര് പറഞ്ഞ് പണം ആവശ്യപ്പെടരുതെന്ന് പറഞ്ഞ് അതും കൊടുത്തു. പക്ഷേ, കഴിഞ്ഞ ദിവസം മറിയാമ്മ ചോദിച്ചത് അഞ്ച് ലക്ഷം രൂപ. ഇതോടെ മറിയാമ്മ തന്നെയുംകൊണ്ടേ പോവുകയുള്ളുവെന്ന് മനസിലാക്കിയ ഡോക്ടർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ ശരണം പ്രാപിക്കുകയായിരുന്നു.

കേസ് കോട്ടയം വെസ്റ്റ് സി.ഐക്ക് കൈമാറിയതോടെ ക്ലൈമാക്സായി. തുടർന്ന് വെസ്റ്റ് സി.ഐ. യുടെ നിർദ്ദേശപ്രകാരം അഞ്ചു ലക്ഷം രൂപ തരാം എന്നുപറഞ്ഞ് ഡോക്ടർ മറിയാമ്മയെ കോട്ടയത്ത് വിളിച്ചുവരുത്തുകയായിരുന്നു. അഡംബരകാറിൽ കോടിമത എം.ജി റോഡിൽ എത്തിയ സംഘത്തെ മഫ്ടിയിലുണ്ടായിരുന്ന ആന്റി ഗുണ്ടാ സ്ക്വാഡ് കയ്യോടെ പൊക്കി.