Sat. Nov 21st, 2026

പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാർ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട് യുവാവിനെ മർദ്ദിച്ച എടത്തല പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്കെതിരെ കേസെടുത്തു. സ്റ്റേഷനിലെ റൈറ്ററും എ.എസ്.ഐയുമായ പുഷ്പരാജ്, പൊലീസ് ഡ്രൈവർ അഫ്സൽ, സി.പി.ഒ ജലീൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയുമാണ് കേസെടുത്തത്.

മർദ്ദനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ഇവർക്കെതിരെ നടപടി വകുപ്പുതല നടപടിക്കും ഡിവൈ.എസ്.പി ശുപാർശ ചെയ്തു. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു.

നിസാരമായി പരിഹരിക്കാവുന്ന വിഷയം കാറിലുണ്ടായിരുന്ന പൊലീസുകാരുടെ പക്വമല്ലാത്ത ഇടപെടൽ മൂലം വിവാദമാക്കുകയായിരുന്നു. ബൈക്ക് യാത്രികൻ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെങ്കിൽ വാഹന നമ്പർ കുറിച്ചെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കാമായിരുന്നു. ഇതിന് വിരുദ്ധമായി വൈകാരികമായി ഇടപ്പെട്ടതാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നു.

മർദ്ദനത്തിനിരയായ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടിൽ ഉസ്മാൻ (39) ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ശരീരമാസകലം ചതവും മുഖത്ത് മുറിവുമേറ്റിട്ടുണ്ട്. താടിയെല്ലിനും കവിളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രകിയ വേണ്ടതിനാൽ ഉസ്മാനെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുഞ്ചാട്ടുകര ഗവ. സ്കൂളിന് സമീപമാണ് സംഭവം. മുതിരക്കാട്ടുമുകളിൽ നിന്നും പോക്സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് എടത്തല സ്റ്റേഷനിലേക്ക് പോകുകയായിരുന്നു പൊലീസുകാർ. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ ഇടിച്ച് ഉസ്മാന്റെ ബൈക്ക് മറിഞ്ഞു. ഇതേതുടർന്നുണ്ടായ തർക്കത്തിനിടെയാണ് പൊലീസ് ഡ്രൈവർ അഫ്സലിന്റെ നേതൃത്വത്തിൽ ആദ്യം മർദ്ദിച്ചത്.

സംഭവ സ്ഥലത്ത് വച്ചും കാറിലും സ്റ്റേഷനിലെത്തിച്ചും മർദ്ദിച്ചു. കാറിൽ മൂന്ന് പൊലീസുകാരും പോക്സോ കേസിലെ പ്രതിയുമാണ് ഉണ്ടായിരുന്നത്. പോക്സോ കേസിലെ പ്രതിയെ കൊണ്ടും ഉസ്മാനെ കൈയ്യേറ്റം ചെയ്യിച്ചതായി പറയുന്നുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ഒരു പൊലീസുകാരനും മർദ്ദിച്ചിട്ടുണ്ട്. ഇവരെയാണ് കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പോക്സോ കേസിലെ പ്രതിക്കും മർദ്ദനത്തിൽ പങ്കുണ്ടോയെന്ന് തെളിവെടുപ്പിന് ശേഷമെ വ്യക്തമാകൂ. എടത്തല എസ്.ഐ ജി. അരുണിന്റേതാണ് അപകടം സൃഷ്ടിച്ച സ്വകാര്യ കാർ. അടുത്തിടെ ചുമതലയേറ്റ എസ്.ഐ കാറിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്.

സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എടത്തല പൊലീസ് സ്റ്റേഷനിലെത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രൻ സ്റ്റേഷനിലെത്തിയ ശേഷം ഉസ്മാനെ ആലുവ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ രാത്രി എക്സറേ സൗകര്യം ലഭ്യമല്ലാത്തതിനാൽ അർദ്ധരാത്രിയോടെയാണ് രാജഗിരിയിലേക്ക് മാറ്റിയത്.

വിദേശത്തായിരുന്ന ഉസ്മാൻ റംസാൻ നോമ്പുതുറയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഇന്നത്തേക്കുള്ള നോമ്പുതുറ വിഭവങ്ങൾ വാങ്ങി വരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാർ ഇടിച്ചത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് യൂണിഫോമും വാഹനവും ഒഴിവാക്കണമെന്ന മാർഗനിർദ്ദേശമുള്ളതിനാലാണ് സ്വകാര്യ വാഹനത്തിൽ കാറിൽ സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, ഇരയിൽ നിന്നും മൊഴിയെടുപ്പിക്കുന്നതിനും മറ്റും ബാധകമായ നിർദ്ദേശം പ്രതിയെ പിടികൂടുന്നതിനും പൊലീസ് അനാവശ്യമായി ഉപയോഗിക്കുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഉസ്മാനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.