Sun. Nov 22nd, 2026

ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേൾക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയതലമുറയിലെ പത്രപ്രവർത്തകർ അങ്ങനെയായിരുന്നു. ആ സംസ്കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോൾ നടത്തുന്നതല്ല മാധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ മാധ്യമ പ്രവർത്തകർക്ക് പറഞ്ഞുകൊടുക്കണം. വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളെപ്പറ്റി പലതരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വാർത്ത കൊടുക്കുന്നതിൽ സ്വാധീനവും വിലപേശലും നടക്കുകയാണ്.

വലിയ മാധ്യമ ഭീമന്മാരെപ്പോലും സമീപിച്ച് വിലയുറപ്പിക്കുന്നു. ഇത് പൊതുരംഗത്തിന് അപകടകരമാണ്. ഇതിന്റെ ഭാഗമായാൽ വീഴുന്നത് ചെളിക്കുണ്ടിലേക്കായിരിക്കും. അതുണ്ടാകാതിരിക്കാൻ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് എസ്.ആർ.ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, എം.എം.ലോറൻസ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു.