വിവാദങ്ങൾക്കിടെ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാൻ മുൻ രാഷ്ട്രപത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി നാഗ്പൂരിലെത്തി. വൈകുന്നേരം അഞ്ച് മണിയോടെ നാഗ്പൂർ എയർപോർട്ടിൽ എത്തിയ പ്രണബ് മുഖർജിക്ക് ആർ.എസ്.എസ് പ്രവർത്തകർ അതിഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
മുഴുവൻ സമയപ്രചാരകരെ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിന്റെ തൃതീയ വർഷ സംഘ് ശിക്ഷാ വർഗിന്റെ നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രണബ് എത്തിയത്. ആർ.എസ്.എസ് ആസ്ഥാനത്ത് എല്ലാ വർഷവും നടക്കുന്ന ചടങ്ങാണ് ത്രിതീയ വർഷ സംഘ ശിക്ഷ വർഗ്.
സംഘടനയിലെ രണ്ട് വർഷത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ വളണ്ടിയർമാർക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. 800 ഓളം പേരെയാണ് പ്രണബ് മുഖർജി അഭിസംബോധന ചെയ്യുക. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവ് കൂടിയായ പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന വാർത്ത വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
അതേസമയം, തനിക്കെന്താണോ പറയാനുള്ളത് അത് നാഗ്പൂരിൽ പറഞ്ഞോളാമെന്ന് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് പ്രണബ് മുഖർജി വ്യക്തമാക്കി. നാളെ നടക്കുന്ന ചടങ്ങിൽ ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭഗവത് അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി നിരന്തരം പറയുന്നതിനിടെയുള്ള പ്രണബിന്റെ തീരുമാനം കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.