വിവാഹപ്രായമാകാത്ത ആണ്‍കുട്ടിക്കൊപ്പം ജീവിക്കാന്‍ 19കാരിക്ക് ഹൈക്കോടതിയുടെ അനുമതി. തന്‍റെ മകളെ 18 വയസ്സുകാരന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തളളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. ഹാദിയ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തളളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. ബാലവിവാഹ നിയമമനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം സാധുവല്ലെന്നും പെണ്‍കുട്ടിയെ പിതാവിനോടൊപ്പം വിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാല്‍ 19കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അവള്‍ക്കിഷ്ടമുളളയാള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിവാഹിതരായില്ലെങ്കിലും പ്രായപൂര്‍ത്തിയായാല്‍ ഒരുമിച്ചു ജീവിക്കുന്നതില്‍ നിയമപരിരക്ഷ ഉണ്ടെന്ന ഹാദിയ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്തവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കാലം കോടതിക്ക് വൈകാരികമായി ഇടപെടാനാകില്ല. നിയമത്തിന്‍റെ പരിരക്ഷയുളളിടത്തോളം കോടതികള്‍ക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാകില്ല. വ്യാപകമായി ഉഭയസമ്മതപ്രകാരമുളള ബന്ധങ്ങള്‍ നിലനില്‍ക്കെ, ഹേബിയസ് ഹര്‍ജി നല്‍കി ഇത്തരം ബന്ധങ്ങളെ വേര്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇരുവര്‍ക്കും വിവാഹപ്രായമാകുന്ന മുറയ്ക്ക് വിവാഹം കഴിയ്ക്കുന്നതടക്കമുളള കാര്യങ്ങളിലേക്ക് കടക്കാമെന്നും കോടതി നിര്‍ദേശിച്ചു.