Fri. Nov 20th, 2026

ദുരഭിമാന കൊലയ്ക്കിരയായ യുവാവ് കെവിന്റെ മരണത്തിൽ പ്രതിഷേധവുമായി നടൻ ജോയ് മാത്യു രംഗത്ത്. പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ കെവിൻ വിഷയത്തിൽ പ്രതികരിച്ചാൽ വിവരമറിയുമെന്ന് അറിയാവുന്നതു കൊണ്ടാണ് നിശബ്ദരായിരിക്കുന്നതെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.താൻ സാസംസ്കാരിക നായകന്മാരുടെ കൂട്ടത്തിലില്ലെന്നും അതിനാൽ പ്രതിഷേധം ജനങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജിൽ ജോയ് മാത്യു കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ്മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു-

പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക്

പ്രതികരിക്കാൻ ഇപ്പോഴുംപറ്റാത്തത്( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം)

ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല. അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു.
നമുക്ക് പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്?