ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ സജീവമാകുന്നു. തിരുവനന്തപുരത്തെ ഒരു വീട്ടമ്മയ്ക്കും വനിതാ ഡോക്ടർക്കും പണം നഷ്ടമായി. പള്ളിച്ചൽ പാരൂർക്കുഴി ദീപു നിവാസിൽ ശോഭന കുമാരിക്ക് 1,32,927 രൂപയാണ് നഷ്ടമായത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. വീണയാണ് മറ്റൊരു ഹതഭാഗ്യ. ഇവർക്ക് 30000 രൂപയോളം നഷ്ടപ്പെട്ടു.
എസ്.ബി.ഐ ബാലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്. ഇവർ എ.ടി.എം കാർഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. 19, 23 തീയതികൾക്കിടെ 60 തവണയായാണ് ശോഭന കുമാരിക്ക് പണം നഷ്ടമായത്. എന്നാൽ ഒടിപി നമ്പർ ചോദിച്ചുള്ള സന്ദേശങ്ങൾ ഒന്നും തന്നെ തനിക്ക് വന്നിട്ടില്ലെന്ന് വീട്ടമ്മ തറപ്പിച്ച് പറയുന്നു.
ഈ മാസം 13 നാണ് ഡോക്ടറുടെ പണം നഷ്ടപ്പെടുന്നത്. അഞ്ച് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. ആപ്പിൾ ഐ ട്യൂൺസ്, ഗൂഗിൾ യംഗ് ജോയ് തുടങ്ങിയ സൈറ്റുകളിൽ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് ലഭിച്ചത്. ഈ സമയത്ത് ഓപ്പറേഷൻ തിയേറ്ററിലായിരുന്ന ഡോ. വീണ കാർഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതർക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തു.