Fri. Nov 20th, 2026

നിപ്പ വൈറസ് ബാധയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് വ്യാജ വൈദ്യന്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വ്യാജ വൈദ്യന്‍മാരായ ജേക്കബ് വടക്കാംചേരിക്കെതിരേയും ചേർത്തലയിലെ മോഹനന്‍ വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.

പേരാമ്പ്രയില്‍ നിന്നും വവ്വാലും പക്ഷികളും കടിച്ച മാങ്ങ തിന്നുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും നിപ്പാ വൈറസ് എന്നൊന്നില്ലെന്നും സമര്‍ത്ഥിക്കാനുമാണ് ചേർത്തലക്കാരനായ മോഹനനന്‍ എന്ന വ്യാജ വൈദ്യര്‍ ശ്രമിച്ചത്.ഇരുപതിനായിരത്തിലധികളും ആളുകളാണ് നുണപ്രചരണ വീഡിയോ ഇതിനകം തന്നെ ഷെയര്‍ ചെയ്തിരിക്കുന്നത്. നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വ്യാജ വൈദ്യനായ ജോസഫ് വടക്കുംചേരിയുംയുടെ പ്രചരണം.

നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത്തരക്കാര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സൈബര്‍ പൊലീസിന് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

–– ADVERTISEMENT ––

നേരെത്ത സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആശങ്ക പങ്കുവച്ചിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് നിന്നും പോലും അടിസ്ഥാനരഹിതമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണം കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.