Sat. Nov 21st, 2026

സുപ്രീം കോടതിയിലെ തന്റെ അവസാന പ്രവൃത്തി ദിനത്തിൽ സുപ്രീംകോടതിയിലെ പതിവു തെറ്റിക്കാതെ ജസ്റ്റിസ് ജെ. ചെലമേശ്വർ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം കേസ് കേട്ടു. ഈ മാസം 22നാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരിൽ രണ്ടാമനായ ജസ്റ്റീസ് ചെലമേശ്വർ വിരമിക്കുന്നതെങ്കിലും, വെള്ളിയാഴ്ച മുതൽ സുപ്രീം കോടതി വേനലവധിയിലേക്കു പ്രവേശിക്കുന്നതിനാൽ അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച ചെലമേശ്വർ ചീഫ് ജസ്റ്റീസിനോടൊപ്പം ബെഞ്ച് പങ്കിടുകയായിരുന്നു. ദീപക് മിശ്രയുടെ നടപടികളെ ചോദ്യം ചെയ്ത് പത്രസമ്മേളനം നടത്തിയചെലമേശ്വർ വിരമിക്കുന്ന ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഇരിക്കുന്ന പതിവ് തെറ്റിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ബാർ കൗൺസിലിന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചിരുന്നതിനാൽ തുറന്ന കോടതിയിൽ അഭിഭാഷകർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ജസ്റ്റിസ് ചെലമേശ്വർ ജനാധിപത്യത്തിന് നൽകിയ സംഭാവനകൾ തലമുറകൾ എക്കാലവും സ്മരിക്കുമെന്ന് കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ചെലമേശ്വർ നന്ദി പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വർ വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ മുന്നിലുള്ള ജസ്റ്റിസ് എ.കെ. സിക്രി കൊളീജിയം അംഗമാകും.