മോള്‍ജി റഷീദ്
(വനിതാ ശിശുശാക്തീകരണ പദ്ധതികളുടെ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജറും എസ് പി വനിതാ അഡൈ്വസറി ബോര്‍ഡ് അംഗവുമാണ് മോള്‍ജി റഷീദ്)
മോള്‍ജി റഷീദ് കഴിഞ്ഞ മാസം എഴുതിയ ഒരു കുറിപ്പാണിത്. ആലപ്പുഴ ബീച്ചിൽ പോയാൽ ഈ കുറിപ്പിൽ സൂചിപ്പിക്കുന്ന ചിലകാര്യങ്ങൾ കേവലം സദാചാരവാദം മാത്രമായി തള്ളിക്കളയേണ്ടവയല്ലെന്നും ഗൗരവമർഹിക്കുന്നവയും ഇപ്പോഴും നിർബാധം തുടരുന്നതായും ബോധ്യപ്പെടുന്നതാണ്. ഇതിലെ ആശയങ്ങളോടെല്ലാം യോജിക്കുന്നില്ലെങ്കിലും പൊതുസമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ച് ഇതില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥികള്‍ പ്രണയസല്ലാപങ്ങള്‍ക്കായി ആലപ്പുഴ കടപ്പുറത്തിന്റെ ഒഴിഞ്ഞ കോണുകള്‍ തേടിപ്പോകുന്നതിനെ കുറിച്ചാണ് കുറിപ്പ്. എന്നാല്‍ ഇവര്‍ക്ക് കാവലാള്‍മാരായി നില്‍ക്കുന്നത് മദ്യമയക്കുമരുന്ന് ലൈംഗിക റാക്കറ്റുകളാണെന്നത് ഗൗരവമായി കാണണം. ആലപ്പുഴയിലെ സെക്‌സ് റാക്കറ്റുകളുടെ ഇരകളോ കണ്ണികളോ ഇവരില്‍ പലരും ആകുന്നു എന്നത് പൊതുസമൂഹം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
മോള്‍ജി റഷീദിൻറെ കുറിപ്പ്
ആലപ്പുഴക്കാരിയാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ ആണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ് പിയുടെ വനിതാ അഡൈ്വസറി ബോര്‍ഡ് അംഗമാണ്. ബോര്‍ഡ് മീറ്റിങ്ങില്‍ ആലപ്പുഴ കടപ്പുറത്തുനിന്നും സ്‌കൂള്‍ കോളജ് കുട്ടികളെ മോശമായ സാഹചര്യത്തില്‍ പിടിക്കുന്നതിന്‍റെയും മാതാപിതാക്കളെ കൂട്ടിവിടുന്നതിന്‍റെയും കഥകള്‍ കേള്‍ക്കാറുണ്ട്. ആ അനുഭവ കഥകള്‍ എന്റെ ക്ലാസുകളില്‍ ഞാന്‍ എടുത്തു പറയാറുണ്ട്. കഴിഞ്ഞ മീറ്റിങ്ങിലും ഇതേ പ്രശ്‌നം പറഞ്ഞപ്പോള്‍ മനസില്‍ ഉറപ്പിച്ചു. ഒന്നവിടം വരെ പോണം. നിങ്ങള്‍ക്കൊക്കെ ഒന്ന് പൊയ്ക്കൂടെ എന്നുള്ള ബഹുമാന്യനായ എസ്പിയുടെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ ഇപ്പോള്‍ തന്നെ പോയിക്കളയാം എന്നുറപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റൊരു പ്രോഗ്രാം ഓഫീസില്‍ നിന്നും വന്നതുകൊണ്ട് അങ്ങോട്ടുപോയി.
തൊട്ടടുത്ത ഞായര്‍ രാവിലെ ഒന്‍പത് മണിക്ക് ബീച്ചില്‍ എത്തി. കൂടെ ഒരു സുഹൃത്തിനെയും കൂട്ടി നടന്നു. അങ്ങ് തെക്കേ അറ്റത്തു കാറ്റാടി മരങ്ങള്‍ ലക്ഷ്യമാക്കി നടന്നു. അങ്ങുന്നേ കണ്ടു, ആലിംഗനബന്ധരായി നില്‍ക്കുന്ന കാമുകീകാമുകന്മാര്‍. ഞങ്ങള്‍ അടുത്തെത്തിയിട്ടും യാതൊരുവിധ ചലനവും ഇല്ലാതെ, സങ്കോചവും ഇല്ലാതെ, ന്യൂജന്‍ ജനറേഷന്‍ ഗ്യാപ്, കണ്‍ട്രോള്‍ കണ്‍ട്രോള്‍, അവര്‍ പ്രായപൂര്‍ത്തിയായവര്‍, അതവരുടെ ഇഷ്ടം, സ്വാതന്ത്ര്യം നിനക്കെന്തു കാര്യം. ചുംബന സമരക്കാര്‍, സദാചാര പോലീസു ചമയണ്ട. എന്നെ ഞാന്‍ പറഞ്ഞു മെരുക്കി, കാറ്റാടി മരങ്ങള്‍ക്കിടയിലേയ്ക്ക് കയറി, കഴിഞ്ഞ 42 വര്‍ഷങ്ങള്‍ ജീവിച്ച നാടാണ്. അന്നേ കണ്ടു തുടങ്ങിയ കടലാണ്. ഇന്നോളം ഈ കാറ്റാടി മരങ്ങള്‍ക്കടുത്തേക്കു വന്നിട്ടില്ല.
അകത്തേയ്ക്കു കയറുമ്പോള്‍ കണ്ട കാഴ്ചകള്‍ എന്നെ ഞെട്ടിച്ചു. നിറയെ പ്ലസ്ടു കുട്ടികള്‍ ലോകം മറന്നു നില്‍ക്കുന്ന അറയ്ക്കുന്ന കാഴ്ചകള്‍. ഇതിനൊക്കെ കാവലുപോലെയോ അവിടവിടെ കിറിങ്ങിതൂങ്ങി മദ്യലഹരിയില്‍ ചില മുതിര്‍ന്ന പുരുഷന്മാരും. കുറച്ചുകൂടി ഉള്ളിലേയ്ക്ക് ചെന്നപ്പോള്‍, മൂന്ന് ബൈക്കില്‍ ആറു പ്ലസ്ടു കുട്ടികള്‍ ഒപ്പം ഒരു പെണ്‍കുട്ടി യൂണിഫോമില്‍ എന്നെ കണ്ടു അവളൊന്നു ഭയന്ന് നോക്കുന്നുണ്ട്. മറ്റാര്‍ക്കും അങ്ങനൊരു ഭാവം ഉണ്ടായിരുന്നില്ല. അതുകൊണ്ടും എന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ ‘അമ്മ ക്ഷോഭവും കൊണ്ട് ഞാന്‍ ആ കുട്ടികളോട് സംസാരിച്ചു. പെണ്‍കുട്ടിക്ക് ഒരു പരുങ്ങലും വെപ്രാളവും. ആണ്‍കുട്ടികള്‍ എന്നെ ഒരു പ്രത്യേക ഭാവത്തിലും രൂപത്തിലും മറുചോദ്യങ്ങളുമായി വന്നു. വളരെ നാളുകളായി ഒരു കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന എനിക്ക് കുഞ്ഞുങ്ങളുടെ ഭാഷയും രീതിയും ചിന്തകളും നന്നായി മനസിലാവും. അവരിലൊരാളാകാന്‍ വേഗം സാധിക്കും.
ഞാന്‍ സ്വതസിദ്ധമായ എന്റെ ശൈലികള്‍ കൊണ്ട് പിടിച്ചു നിന്നു. നമ്മുടെ മക്കള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു. നിങ്ങള്‍ ആരാണ് ഞങ്ങളുടെ കാര്യം തിരക്കാന്‍? ഞങ്ങള്‍, ഞങ്ങളുടെ ഇഷ്ടങ്ങള്‍, സ്വാതന്ത്ര്യം, നിയമം ഒക്കെ ആ കുഞ്ഞു മക്കള്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു. തല ചെരിച്ചു മുടി കോതി ഒരു ആഴ്ന്ന ചൂഴ്ന്നു നോട്ടവും ഒക്കെ ഇടയ്ക്കിടെ തരുന്നുണ്ട്. യൂണിഫോമില്‍ പോയ വനിതാ സി ഐ യോട് നിങ്ങള്‍ക്കെന്താ കാര്യം എന്ന് ചോദിച്ചതായി മാഡം പറഞ്ഞിരുന്നത് ഓര്‍മ വന്നു. അങ്ങനെ വിട്ടുപോകാന്‍ എന്‍റെ മനസ് വന്നില്ല. ഞാന്‍ അവരോട് സ്‌കൂളിന്‍റെ പേര് ചോദിച്ചു. ആ പെണ്‍കുട്ടി വളരെ വ്യക്തമായി അവളുടെ പേരും സ്‌കൂളിന്‍റെ പേരും പറഞ്ഞു. മാന്നാറുള്ള ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്നു. നിങ്ങള്‍ അറിയണം നമ്മുടെ മക്കള്‍ ഞായറാഴ്ചകളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളില്‍ എന്ന് പറഞ്ഞു പോകുന്നത് എവിടെയാണെന്ന്.
മനസ് വല്ലാണ്ട് വേദനിച്ചു. തിരികെ നടന്നു. അടുത്തുള്ള പെട്ടിക്കടയില്‍ കയറി വെയിലില്‍ നിന്നും രക്ഷക്കായി. അപ്പോഴേയ്ക്കും കൂട്ടം കൂട്ടമായി ആളുകള്‍ എത്തുന്നുണ്ടായിരുന്നു. എന്‍റെ നോട്ടവും ഭാവവും സുഹൃത്തുമായുള്ള എന്‍റെ സംസാരവും കേട്ട് പെട്ടിക്കടക്കാരന്‍ പറഞ്ഞു ഇന്നല്ല കാണേണ്ടത് ഇന്ന് ഞായര്‍ അല്ലെ. നാളെ വരൂ. ഇവിടം നിറയെ ഇത് തന്ന ഏര്‍പ്പാട്.
അങ്ങനെ തൊട്ടടുത്ത അധ്യയന ദിവസം ഞാന്‍ വീണ്ടും എത്തി. സമയം കൃത്യം ഉച്ചയ്ക്ക് 12 :30. ചുട്ട വെയില്‍. നല്ല ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടായിട്ടും വകവെയ്ക്കാതെ ഇറങ്ങി നടന്നു. എനിക്കറിയണമായിരുന്നു എന്താണീ കടപ്പുറത്തു നടക്കുന്നത്. പല കൗണ്‍സിലിങ് കേസുകളിലും ഒളിച്ചോട്ടങ്ങളിലും പീഡനകേസുകളിലും ‘അന്ന് ഞങ്ങള്‍ കടപ്പുറത്തു പോയി. അവിടെ വെച്ച അങ്ങനെ ആദ്യം ചെയ്‌തേ പിന്നെ എനിക്ക് അങ്ങനെ സമ്മതിക്കേണ്ടി വന്നു’ എന്നൊക്കെ പല പെണ്‍കുട്ടികളും പറയുന്ന ചില കഥകള്‍ ഉണ്ടായിരുന്നു. കണ്ടാല്‍ അറയ്ക്കുന്ന കാഴ്ചകള്‍ ആണെന്ന് മുന്‍പും പല വനിതാ പൊലീസ് സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്‍റെ ആലപ്പുഴയില്‍ ഇത്രമേല്‍ ആഭാസം എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.
ആലപ്പുഴയിലെ രണ്ട് പ്രമുഖ വനിതാ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ചുട്ട വെയിലത്ത് അവരെ കടപ്പുറത്തു കൊണ്ട് വന്നതിനു മോള്‍ജീടെ ഓരോ വട്ടുകളെ എന്നൊക്കെഅവര്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇറങ്ങി നടന്നു കാറ്റാടി മരങ്ങള്‍ക്കിടയില്‍. നിറയെ ജോഡികള്‍, സ്വയം മറന്ന് ആലിംഗന ബന്ധരായി. കൈകള്‍ കോര്‍ത്ത് മടിയില്‍ തലവെച്ചു. തൊട്ടടുത്ത് പാഠപുസ്തകങ്ങള്‍.’അമ്മ ഉറക്കം ഒഴിച്ച് ഉണ്ടാക്കി കയ്യില്‍ സ്‌നേഹത്തോടെ കൊടുത്ത ചോറ്റുപാത്രങ്ങള്‍. ഇവരുടെ കോപ്രായങ്ങള്‍ കണ്ടു മയക്കത്തില്‍ എന്നപോലെ ചില സാമൂഹ്യ വിരുദ്ധര്‍ എന്ന് തോന്നിപ്പിക്കുന്ന പുരുഷന്മാര്‍ മദ്യലഹരിയില്‍. ഈ കുട്ടികളെ മറ്റു പല വിധത്തിലും ചൂഷണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പിന്നീട് അറിഞ്ഞു. കൂട്ടുകാരിക്ക് കാമുകനെ കാണാനും അവിടിരുന്നു കോപ്രായങ്ങള്‍ കാണിക്കാനും കൂട്ടുവന്ന പെണ്‍കുട്ടികള്‍ അപ്പുറം മാറി ഫോണില്‍ കുത്തിയിരിപ്പുണ്ട്. എന്ത് നല്ല സൗഹൃദങ്ങള്‍!
തിരിഞ്ഞു കടലിലേയ്ക്ക് നോക്കി. അപ്പോഴേയ്ക്കും കടപ്പുറത്തു കുടകള്‍ നിരന്നിരുന്നു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ. കുടകള്‍ ലക്ഷ്യമാക്കി ഞാന്‍ നീങ്ങി. ഞങ്ങള്‍ വരുന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ കുത്തിമറിയുന്ന കൗമാരം. എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ. ഞാന്‍ അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കാന്‍ ആവില്ലെനിക്ക്. ചിലര്‍ സിബുകള്‍ വലിച്ചിട്ടു. ചിലര്‍ എന്തൊരു ശല്യം എന്ന പോലെ എന്നെ തുറിച്ചു നോക്കി. ചില പെണ്‍കുട്ടികള്‍ നാശം എന്ന് പിറുപിറുത്തു ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങള്‍ ഒതുക്കി പൂട്ടി. എന്റെ മാതൃത്വം കലിപൂണ്ടു. എനിക്ക് അവിടെ കിടന്നു അലറണം, വടിയെടുത്ത് അടിച്ചൊടിക്കണം എന്ന് തോന്നി. എന്റെ കൂടെ വന്ന ആലപ്പുഴയുടെ സമര മുഖനേതാക്കളായ രണ്ട് നേതാക്കള്‍ വായും പൊളിച്ചു നാണംകൊണ്ട് ചുവന്നു നിന്നു.
ആര്‍ത്തു ഇരമ്പുന്ന കടലിനു അഭിമുഖമായി ചുട്ടുപൊള്ളുന്ന വെയിലത്ത് കാമകേളി നടത്തുന്ന നമ്മുടെ കൗമാരത്തെ അങ്ങനങ്ങു ഉപേക്ഷിച്ചു വരാന്‍ എനിക്ക് തോന്നിയില്ല. ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ‘അമ്മ കോപം അടക്കി ഞാന്‍ ചെന്ന് നിന്നു. ഓരോ കുടയ്ക്കരികിലും. നീരസത്തോടെ എന്നെ നോക്കിയവരോട് നന്നായി അഭിനയിച്ചു ചിരിച്ചു നിന്നു ഞാന്‍. തീരെ പഴഞ്ചനല്ല ഞാനും ഒരു ന്യൂജെന്‍ അമ്മയാണ് എന്ന ഭാവത്തില്‍ ഡിസ്റ്റര്‍ബ് ചെയ്തതില്‍ ക്ഷമിക്കണം. ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ വന്നതാണ്. നിങ്ങള്‍ എവിടുന്നു വരുന്നു പേരെന്ത് എന്നൊക്കെ ചോദിച്ചു. ഇങ്ങനെ ഇവിടിരിക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് അതിനെന്ത്? ഞങ്ങളുടെ സ്വാതന്ത്ര്യം, അവകാശം, നിയമം എന്നൊക്കെ പതിവ് ഉത്തരങ്ങള്‍ പറഞ്ഞു ക്ഷോഭിച്ചു. അത് അങ്ങനെ കണ്ട ഞാനാണ് പഴഞ്ചന്‍ ചിന്താഗതിക്കാരി എന്നമട്ടില്‍ ആയിരുന്നു ഓരോ മറുപടികളും, പെണ്‍കുട്ടികള്‍ക്കായിരുന്നു വീറു കൂടുതല്‍.
സ്ത്രീശാക്തീകരണത്തിനായി തൊണ്ടകീറി പ്രസംഗിക്കുന്ന ഞാന്‍ അവളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാടില്‍ രോഷം കൊണ്ട് ദേഷ്യം അമര്‍ത്തിപ്പിടിച്ചു നിന്ന് ആണ്‍കുട്ടിയോടായി ചോദിച്ചു. മോനെ എന്റെ ചോദ്യം ഇതാണ്, നിനക്ക് പെങ്ങള്‍ ഉണ്ടോ? അതെ എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി .അവള്‍ക്കും ഇതേ സ്വാതന്ത്ര്യവും അവകാശവും നമുക്ക് കൊടുക്കണ്ടേ ? അവള്‍ ഇവിടെ ഇതേപോലെ മറ്റൊരു പുരുഷനുമായി വന്നിരുന്നു നിങ്ങള്‍ കാണിക്കുന്നത് പോലൊക്കെ കാണിക്കാന്‍ നീ സമ്മതിക്കുമോ യസ് ഓര്‍ നോ മറുപടി പറയാതെ ഞാന്‍ വിടില്ലെന്ന് കണ്ടു അവന്‍ മെല്ലെ തല താഴ്ത്തി പറഞ്ഞു നോ. ഇല്ല എന്ന്, ഞാന്‍ പറഞ്ഞു ഇത്രെയേ എനിക്ക് കേട്ടാല്‍ മതി. തിരിഞ്ഞു ആ പെണ്‍കുട്ടിയോടായി പറഞ്ഞു അതായതു കുട്ടി അവന്‍ പറയുകയാണ് ഇതത്ര നല്ല കുട്ടികള്‍ ചെയ്യുന്ന ഏര്‍പ്പാടല്ലന്നു. നീ കേട്ടല്ലോ. ആണ്‍കുട്ടികള്‍ ഇങ്ങനെ അവരുടെ ഇഷ്ടത്തിന് ആണേലും ഇത്തരത്തില്‍ ഉള്ള പ്രവൃത്തികള്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ലെന്ന്. ഇതൊന്നു നിന്നെ കേള്‍പ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്ന് പറഞ്ഞു അടുത്ത കുട ലക്ഷ്യമാക്കി ഞാന്‍ നടന്നു.
എല്ലാ കുടക്കീഴിലും ഒരേ ആഭാസങ്ങള്‍ …ഒരേ ചോദ്യങ്ങള്‍. 30 കുടകള്‍, ഉത്തരങ്ങള്‍ എല്ലാം ഒന്നായിരുന്നു. ഇല്ല ഞങ്ങളുടെ പെങ്ങന്മാര്‍ ഇങ്ങനെ വന്നിരിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. തൊട്ടടുത്ത് അവയവങ്ങളില്‍ തഴുകി സുഖിപ്പിച്ചവള്‍ വാ പൊളിച്ചു കേട്ട് കൊണ്ടിരുന്നു. പെണ്‍കുട്ടികളില്‍ ചിലര്‍ എന്നെ രൂക്ഷമായി നോക്കി. മറുപടി പറഞ്ഞു തട്ടിക്കയറിയതത്രേം പെണ്‍കുട്ടികള്‍ ആയിരുന്നു. അതെന്നെ ചിന്തിപ്പിച്ചു. മറുപടി പറയാനും തലയുയര്‍ത്തി നില്‍ക്കാനും നമ്മള്‍ നമ്മുടെ പെണ്മക്കളെ പഠിപ്പിക്കുന്നത് ചൂഷണങ്ങളില്‍ നിന്നും രക്ഷ നേടാനാണ്. ചൂഷണങ്ങള്‍ക്ക് സ്വയം നിന്ന് കൊടുക്കാനല്ല. സ്വയം നശിക്കുന്ന എന്റെ പെണ്‍മക്കളെ നിങ്ങള്‍ക്കറിയോ ആരോഗ്യം മോശമായിട്ടും ആ വെയില്‍ വകവെയ്ക്കാതെ നിങ്ങളുടെ അടുത്ത് വന്നു നിന്ന് നിങ്ങളുടെ പുച്ഛ നോട്ടവും ആക്ഷേപവും കേട്ട ഈ സ്ത്രീ കഴിഞ്ഞ എട്ടു വര്‍ഷമായി ഇതേപോലെ ചൂഷണങ്ങള്‍ക്കിരയായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനും കൈപിടിച്ചു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും നന്നായി പരിശ്രമിക്കുന്നവളാണ്.
അത് എത്രത്തോളം പ്രയാസകരമാണെന്നു അനുഭവിക്കുന്നവളാണ്. വന്നവരൊക്കെയും പറഞ്ഞ അനുരാഗ കഥകളില്‍ നിങ്ങളെ പോലെ ചേര്‍ന്നിരുന്ന കഥകളും അവര്‍ക്കും ഉണ്ടായിരുന്നു… നിങ്ങള്‍പറഞ്ഞു നിങ്ങളുടെ സ്വാതന്ത്ര്യം, അവകാശം എന്നൊക്കെ. ശരിയാണ് നിങ്ങള്ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പക്ഷെ ഇത് പ്രണയം അല്ല മക്കളെ. ഇത് വ്യഭിചാരമാണ് …അവന്‍റെ ആത്മസഖിയെ തുറസായ സ്ഥലത്തു വെച്ച് വിവസ്ത്രയാക്കി രസിക്കാന്‍ ഏതു പുരുഷന് തോന്നും? അവനു നീ അമൂല്യമായ നിധിയെങ്കില്‍ ഇങ്ങനെ തെരുവില്‍ വെച്ചാണോ അവനതു ആസ്വദിക്കുന്നത്? ഇതല്ല നിങ്ങളുടെ സ്വാതന്ത്ര്യം. ഇതല്ല നിങ്ങളുടെ അവകാശം.
പൊള്ളുന്ന ചൂടും പൊള്ളുന്ന മനസും. പിന്നില്‍ അലറി തുള്ളുന്ന കടലും. ആരൊക്കെയോ വഴിപോക്കര്‍ പുലമ്പി ഇതൊന്നും അല്ല കാഴ്ചകള്‍ അപ്പുറത്തു പാര്‍ക്കിനടുത്തു പാറക്കൂട്ടങ്ങള്‍ക്കടുത്തേക്കു ചെല്ലൂ. നിങ്ങള്‍ക്ക് ഇതിലും വലിയ കാഴ്ചകള്‍ കാണാം മാഡം എന്ന്. ഞാന്‍ അപ്പോള്‍ മാഡം അല്ലാരുന്നു വെറുമൊരു അമ്മയായിരുന്നു. 22 വയസുള്ള എന്റെ മോനെയും മോളെയും ഉടനെ കാണണം എന്ന് തോന്നി, എന്റെ മക്കളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം എന്ന് തോന്നി. ഒരിടത്തു പോയിരുന്ന് നശിപ്പിച്ചു കളയാതെ ഒരു അങ്കലാപ്പും എനിക്ക് തരാതെ അച്ചടക്കത്തോടെ വളര്‍ന്ന എന്‍റെ പൊന്നു മക്കള്‍. എനിക്ക് അവരോടു ബഹുമാനം തോന്നി. ഒന്നും മിണ്ടാന്‍ ആവാതെ കൂടെ വന്ന സുഹൃത്തുക്കള്‍ എന്നെ നോക്കി. ഞാന്‍ അവരോടായി പറഞ്ഞു. നമ്മളും വളര്‍ന്നത് ഇവിടൊക്കെയാണ്. അന്നും ഈ കടലും കടപ്പുറവും ഇവിടുണ്ട്. നമ്മളാരും ഇവിടെ വന്നില്ലല്ലോ. ഹോ! ഈ സാധ്യതകള്‍ നമ്മള്‍ കണ്ടെത്തിയില്ലല്ലോ എന്ന് സ്വതവേ തമാശക്കാരിയായ സുഹൃത്ത്.
തിളച്ചു കിടക്കുന്ന പുതമണ്ണിനെ ചവിട്ടി മെതിച്ചു ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഞങ്ങളുടെ കൗമാരം. പിന്നാലെ വന്ന പൂവാലന്മാര്‍. സൈക്കിളില്‍ കറങ്ങി ഓരോ ജംഗ്ഷനിലും കാത്തുനിന്ന കൗമാര പ്രണയാഭ്യര്‍ഥനകളെ. കോരിച്ചൊരിയുന്ന മഴയത്തു സ്വയം നനഞ്ഞു കയ്യില്‍ മടക്കി പിടിച്ച കുടയുമായി എനിക്ക് തരാന്‍ എന്റെ പിന്നാലെ സൈക്കിള്‍ ചവിട്ടിയ ഒരു കൗമാരക്കാരനെ. തലപൊക്കിപ്പൊലും നോക്കാതെ മഴകൊണ്ട് നടന്നു നീങ്ങിയ ഞാന്‍ എന്ന കൗമാരക്കാരിയെ. ആലപ്പുഴയിലെ അന്നത്തെ റോമിയോ മാരോട് ആദ്യമായി ഇഷ്ടവും ബഹുമാനവും തോന്നി. അവരാരും പെണ്‍കുട്ടികളെ കടപ്പുറത്തു കൊണ്ടിരുത്തി ഈ പേക്കൂത്തുകള്‍ കാട്ടിയിട്ടില്ല. അന്നത്തെ കടപ്പുറത്തു ഈ ആഭാസ കുടകള്‍ വിരിഞ്ഞിട്ടില്ലാ.
ഇനിയും വൈകിക്കൂടാ. നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആലപ്പുഴയിലെ നേതൃത്വങ്ങള്‍ ഒന്നിക്കണം. ചവറു നീക്കം ചെയ്യാനും മാലിന്യ നീക്കം ചെയ്യാനും എടുക്കുന്ന അതെ ശുഷ്‌കാന്തി നമ്മള്‍ കാണിക്കണം. പൊലീസ് നിസഹായരാണ്. അവര്‍ക്കാവുന്നതു അവര്‍ നന്നായി ചെയ്യുന്നുണ്ട്. പൊതുജനം ഉണരണം. ഒന്നിക്കണം നമ്മുടെ സാമൂഹ്യ മര്യാദകള്‍ ചീഞ്ഞു നാറുന്നു. എന്തും കാണിക്കാം എന്നുള്ള അവകാശം പോലെ തന്നെ യാണ് കുടുംബവുമായി വരുന്നവര്‍ക്ക് ഈ അശ്ലീലം കാണാതിരിക്കാനുള്ള അവകാശവും. ഇത് പാശ്ചാത്യ രാജ്യമല്ല. അവിടെ പോലും സഭ്യതയിലേക്കുള്ള തിരിഞ്ഞു നടത്തം തുടങ്ങിക്കഴിഞ്ഞു. അവിടെ ഒരു സ്ത്രീക്കും എന്‍റെ കുഞ്ഞിന് ചിലവിനു തായോ എന്നും ചോദിച്ചു കോടതി വരാന്ത നിരങ്ങേണ്ട അവസ്ഥയല്ലാ എന്നിരിക്കെ ചിന്തിക്കു. നമ്മുടെ മക്കള്‍ നശിക്കാതിരിക്കേണ്ടേ? പൂവിട്ടു കായിട്ടുതളിര്‍ ക്കേണ്ട നമ്മുടെ യൗവനം നശിക്കുന്നു …എല്ലാരും ഒന്നിക്കു. കടപ്പുറത്തെ ഈ മാലിന്യം കാണാതെ പോവല്ലേ.