Fri. Nov 20th, 2026

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന് കണ്ടെത്തിയ മരുന്നകള്‍ മരണത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ഈ മാസം 24ന് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി കുറ്റപത്രം പരിഗണിക്കും. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐ.പി.സി സെക്ഷന്‍ 306, 498 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതക സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന രീതിയില്‍ ബി.ജെ.പി രാജ്യവ്യാപക പ്രചരണമാണ് നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കള്‍ സുനന്ദ പുഷ്‌കറിന്റെ മരണം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉപയോഗിച്ചിരുന്നു. ഐ.പി.എല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെ സുനന്ദയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസിനേയും തരുരിനേയും ഏറെ നാള്‍ പ്രതിരോധത്തിലാക്കിയ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.