കര്‍ണാടക തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കുന്ന ബി ശ്രീരാമുലു നടത്തുന്ന കൈക്കൂലി ചര്‍ച്ചയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ജി ജനാര്‍ദന റെഡ്ഡിയുടെ ഖനനകമ്പനിക്ക് ഖനനാനുമതി ലഭിക്കുന്നതിന് വേണ്ടി അന്ന് സുപ്രീം ചീഫ് ജസ്റ്റിസായിരുന്നു കെ ജി ബാലകൃഷ്ണന് കൈക്കൂലി നല്കുന്നതിനു വേണ്ടി ചര്‍ച്ച നടത്തുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
ശ്രീരാമുലു ചര്‍ച്ച നടത്തുന്നത് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന് പി.വി. ശ്രീനിജനുമായിട്ടാണ്. ഈ വീഡിയോ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവാണ് ഇന്നലെ പുറത്തു വിട്ടത്. സിദ്ധരാമയ്യയ്ക്കതിരെ ബാദാമിയിലും ചിത്രദുര്‍ഗയിലെ മൊളകല്മുരുവിലും മത്സരിക്കുന്ന ശ്രീരാമുലുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് ബിജെപിക്ക് കടുത്ത ക്ഷീണമായി.അതേസമയം വീഡിയോ വ്യാജമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
വീഡിയോയില്‍ ക്യാപ്റ്റന്‍ റെഡ്ഡി, കുബാലന്, ഒരു സ്വാമി എന്നിവരുമുണ്ട്. ശ്രീരാമുലു ശ്രീനിജനെയുമായി 160 കോടി രൂപയുടെ കൈക്കൂലി കാര്യമാണ് വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതു വരെ 100 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 60 കോടി രൂപ ഉടനെ വേണമെന്ന് ശ്രീനിജന് പറയുന്നതും വീഡിയോയിലുണ്ട്.
സുപ്രീം കോടതിയില്‍ നിന്നും റെഡ്ഡിയുടെ ഖനിക്ക് പ്രവര്‍ത്താനാനുമതി നല്കുന്ന വിധി വരുന്നതിന്റെ തലേന്ന് നടത്തിയ ചര്‍ച്ചയാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് അനുകൂലമായ വിധി വന്നതിന്റെ പിറ്റേന്ന് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് വിരമിച്ചതായി കോണ്‍ഗ്രസ് പറയുന്നു.