റേഡിയോ ജോക്കി കിളിമാനൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിന ഷിഹാബ് സാമ്പത്തികമായും വിവരങ്ങൾ കൈമാറിയും പ്രതികളെ സഹായിച്ചതായി പൊലീസിന് തെളിവ് ലഭിച്ചു. കേസിലെ പ്രധാന പ്രതിയും ഖത്തർ വ്യവസായിയുമായ അബ്ദുൾ സത്താറിന്റെ ബന്ധുവിന്റെ ഭാര്യയായ വർക്കല അയിരൂർ കിഴക്കേപുറം സ്വദേശിയായ ഷിജിന ഷിഹാബിന്റെ (34) മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയ വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.
കൃത്യത്തിന് ശേഷം ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ പ്രതികൾക്ക് അവിടെ ഒളിവിൽ കഴിയാനും സാലിഹിന് തിരികെ പോകാനുമായി ബാങ്ക് അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നു. ഇതിനായി തൊട്ടും മുമ്പും പിമ്പും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് തെളിവായത്. ഖത്തറിലുള്ള സത്താറിന്റെ നിർദ്ദേശാനുസരണമായിരുന്നു ഓൺ ലൈൻ ഇടപാടുകൾ നടത്തിയതെന്ന് ഷിജിന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
കൃത്യത്തിനുപയോഗിച്ച കാർ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിക്കാൻ സഹായിച്ച കേസിൽ ആദ്യം പൊലീസ് പിടിയിലായ നിഖിൽ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണ് കൃത്യം നടന്നതിന് അടുത്ത ദിവസം അരലക്ഷം രൂപ ഷിജിന കൈമാറിയത്. അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 70,000 രൂപയും കൈമാറിയിട്ടുണ്ട്. ഓൺലൈൻ മീഡിയകളിൽ രാജേഷ് വധവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അപ്പപ്പോൾ വാട്ട്സ് ആപ്പ് വഴി ഷിജിന പ്രതികളെ അറിയിച്ചിരുന്നതായും പൊലീസിന് തെളിവ് ലഭിച്ചു. സത്താറുമായി ഷിജിന നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
എറണാകുളം തേവരെയുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ എറണാകുളം കപ്പലണ്ടി മുക്ക് ദാറുൽ സലാം റോഡിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. സത്താറിന്റെ അടുത്ത ബന്ധുവായ യുവാവിന്റെ ഭാര്യയാണ് ഷിജിന. ഖത്തറിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം സത്താറിന്റെ വീട്ടിൽ പലപ്പോഴും എത്തിയിട്ടുള്ള ഷിജിനയും സത്താറുമായി ഇതിനിടെ അടുപ്പത്തിലായി. നൃത്താദ്ധ്യാപികയായ ഭാര്യയുമായി പിണങ്ങിയതോടെ ഷിജിനയും സത്താറുമായി കൂടുതൽ അടുത്തു. ഇത് ഷിജിനയുടെ ഭർത്താവുമായി അകലാനും ഇവർ കൊച്ചിയിലേക്ക് താമസം മാറാനും കാരണമായി.
കേസിൽ അറസ്റ്റിലായ നിഖിലിന്റെയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബർ സഹായത്തോടെയുള്ള തെളിവുകളും ശേഖരിച്ചാണ് കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷിജിനയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഷിജിനയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . മാർച്ച് 27ന് പുലർച്ചെ രണ്ടിനാണ് റേഡിയോ ജോക്കി രാജേഷിനെ (35) മടവൂരിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഒന്നാം പ്രതിയൊഴികെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറിൽ കഴിയുന്ന ഒന്നാം പ്രതി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണ്.