Sun. Nov 22nd, 2026

മാസങ്ങളായി ഇടവാകാംഗങ്ങളും എറണാകുളം- അങ്കമാലി അതിരൂപതാ നേതൃത്വവുമായി തര്‍ക്കം നിലനിന്നിരുന്ന കൊരട്ടി സെന്റ്. മേരീസ് പള്ളിയില്‍ ( കൊരട്ടി മുത്തിപള്ളി) താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇടവകാംഗങ്ങളുടെ പ്രതിനിധികളുമായി രൂപതാ നേതൃത്വം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.

മുന്‍ വികാരിമാരായ ഫാ.മാത്യു മണവാളന്‍, ഫാ . ലൂക്കോസ് കുന്നത്തൂര്‍ എന്നീ വൈദികര്‍ക്കെതിരെ രൂപതാ നേതൃത്വം അന്വേഷണം നടത്തി മൂന്നു മാസത്തിനകം ശിക്ഷണ നടപടികള്‍ പ്രഖ്യാപിക്കും. ഫാ. മാത്യു മണവാളന് മൂന്നുമാസത്തേക്കു രൂപതയിലെ ഇടവകകളുടെയോ, സ്ഥാപനങ്ങളുടെയോ ചുമതലകള്‍ ഏല്‍പ്പിക്കില്ലെന്നും സഹായമെത്രാന്‍മാര്‍ എഴുതിയ നല്‍കിയ ഉറപ്പില്‍ മൂന്നു മാസത്തേക്ക് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ലെന്നാണ് ഇടവകാംഗങ്ങളുടെ തീരുമാനം.

മൂന്നുമാസത്തേക്ക് കടവന്ത്ര എളംകുളം ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരിയായിരുന്ന ഫാ.ജോസഫ് തെക്കിനേന്‍ കൊരട്ടിപ്പള്ളിയുടെ താല്‍ക്കാലിക വികാരിയായി പ്രവര്‍ത്തിക്കും. ഇതിനു പുറമെ മുന്‍ കൈക്കാരന്മാരോ ഭരണസമിതി അംഗങ്ങളോ ആയി ഇരിക്കുകയും അഴിമതിയുടെ ഭാഗമാവുകയും ചെയ്ത ഇടവകാംഗങ്ങളായ ഷിബു വെളിയത്ത്, പോള്‍ ആച്ചാണ്ടി, വി.ജെ തോമസ്, ബേബി കല്ലൂക്കാര, കെ എഫ് ജോര്‍ജ്, സണ്ണി തെക്കേത്തല, എന്‍ പി ജോയ്, ജോണി പ്ലാക്കല്‍ എന്നിവര്‍ക്ക് പള്ളിയുടെയോ രൂപതയുടെയോ ഭരണസമിതികളില്‍ ഏഴു വര്‍ഷത്തെ വിലക്ക് രൂപത ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പള്ളിയുടെ സ്വര്‍ണ്ണവും പണവും മറ്റു മുതലുകളും കൊള്ളയടിക്കാന്‍ കൂട്ടുനിന്ന 2014 -16 കാലയളവിലെയും 2016 -18 കാലയളവിലെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ അടുത്ത മൂന്നുവര്‍ഷത്തേക്ക് പള്ളിക്കമ്മറ്റികളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയെന്നും രൂപതാ നേതൃത്വം പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.