വരാപ്പുഴ കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണ് എടുത്തത്. പോലീസുകാരും നിയമത്തിന് വിധേയരാണ്. പോലീസുകാരായത് കൊണ്ട് അവരെ സംരക്ഷിക്കില്ല. മൂന്നാം മുറ നടത്തിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്. കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാജഹര്‍ത്താല്‍ നടത്തി ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ ഇത് തകര്‍ക്കാന്‍ കഴിഞ്ഞതും പ്രതികളെ പിടികൂടിയതും കേരളാ പോലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്ന് പേരാണ് ഇന്നു വൈകിട്ട് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മൂന്ന് പേരാണെന്ന് പോലീസ് പറഞ്ഞു.
ഈ മൂവര്‍ സംഘം വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന് വാസുദേവന്‍ ജീവനൊടുക്കിയത്. വീടാക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പോലീസ് പിടികുടി മര്‍ദ്ദിച്ചത്. എന്നാല്‍ വീടാക്രമണക്കേസില്‍ ശ്രീജിത്ത് നിരപരാധിയെന്ന് യഥാര്‍ഥ പ്രതികള്‍ മാധ്യമങ്ങളോടു പറഞ്ഞു.