തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ആഡംബര കാറിൽ നിന്ന് 130 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വമ്പൻ സ്രാവുകളെ തൊടാതെ പരൽ മീനുകളിൽ മാത്രം പൊലീസ് അന്വേഷണം ഒതുക്കുന്നതായി ആക്ഷേപം. ദക്ഷിണ കേരളത്തിലെ കുപ്രസിദ്ധ കഞ്ചാവ് കടത്ത് സംഘത്തിലെ തലവൻമാരായ രണ്ടുപേർക്കായാണ് ആന്ധ്രയിൽ നിന്ന് ക്വിന്റൽ കണക്കിന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നു.
എന്നാൽ, പിടിയിലായവരിൽ മാത്രം കേസ് ഒതുക്കി കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അതോടെ കേസിൽ അട്ടിമറി ശ്രമവും ബലപ്പെടുന്നു. പിടികൂടിയ വാഹനങ്ങളുടെ ആർ.സി രേഖകൾ ബാലരാമപുരം, നെയ്യാറ്റിൻകര സ്വദേശികളുടേ പേരിലാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ് ഇവർ. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാർ നെയ്യാറ്റിൻകര സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരന്റെ ഭാര്യയുടെ പേരിലാണ്. പൈലറ്റ് വാഹനമായി ഉപയോഗിച്ചത് ബാലരാമപുരം സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരന്റെ ആഡംബര കാറും.
ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ മാസത്തിൽ നാല് ലോഡ് കഞ്ചാവ് തലസ്ഥാനത്ത് എത്തിച്ചിരുന്നതായി കഴിഞ്ഞദിവസം പിടിയിലായ മൂന്ന് യുവാക്കൾ മൊഴി നൽകിയിരുന്നു. ലോഡൊന്നിന് 50,000 രൂപയാണ് കാരിയർമാരായ ഇവർക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ചെറുകിട കച്ചവടക്കാർ മുഖാന്തിരമാണ് വിൽക്കുന്നത്.
കേസിലെ മുഖ്യകണ്ണികളായ കഞ്ചാവ് കടത്തുകാരിൽ ഒരാൾ ബാലരാമപുരത്തിന് സമീപം ആഡംബര വീട് നിർമ്മിക്കുന്നുവെന്നും പൊലീസിന് വിവരമുണ്ട്. സിസി ടിവി കാമറയും റിമോട്ട് കൺട്രോൾ ഗേറ്റുമുൾപ്പെടെ വൻ സുരക്ഷാ സൗകര്യങ്ങളുള്ള വീടിന് കോടികളാണ് ചെലവിടുന്നത്. കഞ്ചാവ് കടത്തിലൂടെ സമ്പാദിച്ച പണമാണ് ആഡംബര വീടിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. എന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.
കല്ലിയൂർ പെരിങ്ങമ്മല നെടിയവിള പുത്തൻവീട്ടിൽ അഭിഷേക് (30) കല്ലിയൂർ കാക്കാമൂല ഷാരോൺ നിവാസിൽ ശ്യാംരാജ് (29) ബാലരാമപുരം അമ്മച്ചൽനട കടയറ വീട്ടിൽ നിഥിൻ (27) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസിനാണ് അന്വേഷണ ചുമതല. കാറുകളുടെ പിൻ സീറ്റ് ഇളക്കി അതിനടിയിലും മദ്ധ്യഭാഗത്തും മാത്രമല്ല, സ്റ്റെപ്പിനി ടയറുകൾ മാറ്റി ഡിക്കിയിലുമായി 60 പൊതികളിലായി അടുക്കി കറുത്ത തുണികൊണ്ട് മൂടിവച്ചിരുന്ന കഞ്ചാവാണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പിടികൂടിയത്. ഒരു പായ്ക്കറ്റിൽ രണ്ട് മുതൽ രണ്ടര കിലോവരെ കഞ്ചാവാണ് ഉണ്ടായിരുന്നത്. ഒരു പായ്ക്കറ്റിന് 28,000 മുതൽ 35,000 രൂപവരെ വിലവരും.
ആശുപത്രി, കോളേജ്, എസ്.എ.ടി, ആർ.സി.സി, നഴ്സിംഗ് കോളേജ് പരിസരം തുടങ്ങി മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ വാഹന പാർക്കിംഗ് കേന്ദ്രങ്ങളിലായിരുന്നു പിടിയിലായ സംഘം ലോഡുനിറച്ച കാറുകൾ പാർക്ക് ചെയ്തിരുന്നത്. നൂറുകണക്കിന് വാഹനങ്ങൾ വന്നുപോകുന്ന ഇവിടെ പരിശോധന കാര്യമായി നടക്കാറില്ല. ഇവിടെ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രവേശന കവാടങ്ങളിലും പുറത്തേയ്ക്ക് പോകുന്ന സ്ഥാനങ്ങളിലും കാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എസ്.എ.ടി ആശുപത്രിയിൽ കഴിഞ്ഞ മാസം കാമറ സ്ഥാപിച്ചെങ്കിലും വഴികളും പാർക്കിംഗ് സ്ഥലങ്ങളും ഒഴിവാക്കിയാണ് സ്ഥാപിച്ചത്.