Fri. Nov 20th, 2026

പ്രശാന്ത് ഗീത അപ്പുൽ

എച്ച് വൈ എം സംസ്ഥാന സെക്രട്ടറി മനുജാ മൈത്രി യുടെ “ചില സംവരണ നിലപാടുകൾ” എന്ന ഫെയ്‌സ് ബുക്ക് കുറിപ്പാണ് യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ പ്രശാന്ത് ഗീത അപ്പൂൽ ഇവിടെ വിമർശന വിധേയമാക്കുന്നത്. മാന്യ വായനക്കാർ ഇതൊരു വിവാദമായി കാണാതെ സംവാദമായി കാണുക.

…..ഒരു യുക്തിവാദി സ്വന്തം ജീവിതത്തിൽ നിന്ന് മതവും ജാതിയും ഉപേക്ഷിക്കുന്നതിന്റെ സർവ്വവിധമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തയ്യാറാവണം….(മനുജാ മൈത്രി യുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിന്ന്)

ഒരു യുക്തിവാദ സ്വത്വ നിബന്ധന പോലെ തോന്നുന്നു ഒരു സന്യാസി ഇഹലോക സുഖം വെടിയണം എന്ന് പറയും പോലെ , ഒരു മുസൽമാൻ സംഗീതം സിനിമ എന്നിവ വെടിയണം എന്ന് പറയുംപോലെ ഒരു സ്വത്വ നിബന്ധനയാണ്. എന്ത് വ്യത്യാസമാണ് മതകീയ ജീവിതത്തിൽ നിന്ന് ഈ യുക്തിജീവിതത്തിന് വ്യത്യാസമുള്ളത് ഹിന്ദു മതം ഒരു തരം അരുതുകളുടെ മതം എന്ന് അംബേദ്ക്കറെ പോലുള്ളവർ പറയുന്നുണ്ട് അതുപോലെ ചില അരുതുകളുടെ ജീവിതം പറയുന്ന യുക്തി ജീവിതത്തെ കുറിച്ചാണ് മനുജ ഇവിടെ പറയുന്നത്.

യുക്തി ചിന്ത എന്നത് ഒരു മനുഷ്യൻ്റെ ചിന്തപരമായ മാറ്റമാണ്. ആ ചിന്തപരമായ മാറ്റമില്ലാതെ കുറെ സ്വത്വ നിബന്ധന മുന്നോട്ട് വെച്ചാൽ യുക്തി ജീവിതമാകുംഎന്ന് പറയുന്നത് മതകീയമായ ചിന്തരീതി തന്നെയാണ്.

….യുക്തിവാദിയുടെ ഈ അടിസ്ഥാന ജീവിതദർശനവും അതിനായുള്ള so called വ്യവഹാരങ്ങളിൽ നിന്നുള്ള അതിജീവനമാണല്ലോ ഒരു മതാത്മക സമൂഹത്തിൽ ഒരു യുക്തിവാദിയെ ഇതര വ്യക്തികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് …(മനുജാ മൈത്രി യുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിന്ന്)

യുക്തി വാദി ഇതര വ്യക്തികളിൽ നിന്ന് വ്യത്യസ്തനായി സാമൂഹികമായി വ്യതിരിക്തതയോടെ ജീവിക്കേണ്ടവരാണ് എന്ന് ഞാൻ കരുതുന്നില്ല. ഇതേ സമൂഹത്തിൽ സാധാരണ ജീവിതവും വ്യത്യസ്തമായ ചിന്താരീതിയിലും ജീവിക്കാൻ സാധിക്കുന്നവനും യുക്തിവാദി തന്നെയാണ് യുക്തിവാദിക്ക് ഇല്ലാത്ത ഹീറോ പരിവേഷം നൽകേണ്ടതില്ല

….ജാതിബന്ധിതമായ ഒരു സമൂഹം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ മതവും, മത ഉത്പന്നമായ ജാതിയും ഒഴിവാക്കികൊണ്ട്….(മനുജാ മൈത്രി യുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിന്ന്)

മതത്തിൻ്റെ ഉത്പന്നം അല്ല ജാതി അഥവ ആ വാദം ഉറപ്പിക്കണമെങ്കിൽ എത് മതമാണ് ജാതിയെ സൃഷ്ടിച്ചത് ആ മതത്തിൽ നിന്ന് വ്യത്യസ്തമായ മതങ്ങളിൽ ജാതി ഇല്ലാതെയുണ്ടോ?? ഇനി താത്വികമായി മതത്തിൽ ജാതി ഇല്ലെങ്കിലും ജാതിയമായ വേർതിരിവുണ്ടോ ഉദാഹരണത്തിന് ഇസ്ലാമിക മതത്തിൽ കിത്താബിൽ ജാതീയമായ വേർതിരിവില്ല എന്നാൽ ഇന്ത്യൻ മുസ്ലിങ്ങളിൽ ജാതിയുണ്ട് അപ്പോ അത് ഏത് മതത്തിൻ്റെ ഉത്പന്നമാണ് എന്നാണ് മനുജ പറയുന്നത്.

സത്യസന്ധമായി നോക്കിയാൽ ജാതിയും മതവും രണ്ടു സംവർഗങ്ങളാണ്. ജാതിയെന്ന സാമൂഹിക വ്യവസ്ഥിതിയെ മതവൽക്കരിച്ചിട്ടുണ്ട് . മതസാഹിത്യത്തിൽ ജാതിയെ ഊട്ടിയുറപ്പിക്കാനുള്ള സംഗതികളുണ്ട് എന്നാൽ വേദമോ ശാസ്ത്രമോ പുരാണമോ പഠിച്ചിട്ടല്ല ഒരാൾ ജാതി ആചരിക്കുന്നത്. അപ്പോ ജാതി മതത്തിൻ്റെ ഉത്പന്നമാണെന്ന് വാദം തന്നെ തെറ്റാണ്.

….നേരിടുന്ന/ നേരിടേണ്ട യുക്തിവാദി താൻ ജനിച്ച ജാതി മൂലം degrade ചെയ്യപ്പെട്ടെന്നും, അതിനാൽ ജാതി സംവരണത്താൽ തന്നെ ആ degradation ഒഴിവാക്കണം എന്ന (ഇത് തന്നെയാണല്ലോ സംവരണം എന്ന ആശയത്തിന്റെ അടിസ്ഥാനവും) വാദഗതി അലുവയും മത്തിക്കറിയും പോലെ illogic argument ആണ്. ഈ വാദം എന്റെ യുക്തിക്ക് നിരക്കുന്ന ഒന്നല്ല….(മനുജാ മൈത്രി യുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിന്ന്)

ജാതി നിർണ്ണയിക്കപ്പെടുന്നത് ജനനവുമായി ബന്ധിപ്പിച്ചാണ്.ഒരു യുക്തിവാദിക്ക് (മനുഷ്യന്) സ്വന്തം ജനനത്തിൽ യാതോരു പങ്കുമില്ല. അതായത് ഒരിക്കിൽ ജാതി യിൽ ജനിക്കുന്നത് മരണം വരെ തുടരുക തന്നെ ചെയ്യും. നിങ്ങൾക്ക് ജാതി ഇല്ല എന്നത് സമൂഹം അംഗീകരിക്കുന്നേ ഇല്ല ജാതിയമായ ഏതേലും കള്ളിയിൽ ചേർത്ത് വെച്ചിട്ടാണ് സമൂഹം നിങ്ങളുമായി സംവദിക്കുന്നത് തന്നെ. പെട്ടന്ന് ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ ജാതി ഞാൻ ഉപേക്ഷിച്ചു അതോണ്ട് എനിക്കുള്ള degradation പോയി അതോണ്ട് സംവരണവും വേണ്ട എന്നു പറയുന്നത് വിക്സ് തേച്ച് തലവേദന പോയി എന്നു പറയും പോലെ തമാശയാണ്.

…”മതമുപേക്ഷിക്കു….” എന്ന് ആഹ്വാനം ചെയ്യ്ത് ജാതിക്കെതിരായി ജീവിതം കൊണ്ട് സമരം ചെയ്യേണ്ട യുക്തിവാദി മതവും ജാതിയും എഴുതിയാൽ മാത്രം കിട്ടുന്ന സംവരണത്തെ സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നതും, .. (മനുജാ മൈത്രി യുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ നിന്ന്)

മതം ഉപേക്ഷിക്കും പോൽ എളുപ്പമല്ല ജാതി ഉപേക്ഷിക്കാൻ മതവും ജാതിയും ഉപേക്ഷിച്ചവർ അതിനെതിരെ സമരം ചെയ്യണം എന്ന് പറയാനുള്ള കാരണം മനസ്സിലായില്ല.

എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മതവും ജാതിയും ഉപേക്ഷിച്ച യുക്തിവാദി അതിനെതിരെ സമരം ചെയ്യുന്നത് സ്മൂഹത്തിൽ മതവും ജാതിയും നിലനിൽക്കുന്നത് കൊണ്ടാണ്. അവിടെയുള്ള ജാതിമതഗ്രസ്ഥമായ ഒരു വ്യക്തിയെ ആണ് ചിന്തരീതി പരിഷ്കരണത്തീലുടെ സമരഭടനാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അയാൾ നിലവിലും ജാതിയമായ പരാധീനത അനുഭവിക്കുന്ന വ്യക്തി ആണെങ്കിൽ ആ സമരത്തിന് പ്രാപ്തനാകാൻ ഭരണഘടനപരമായി ലഭിക്കുന്ന അവകാശം വിനിയോഗിക്കരുത് എന്ന് പറയുന്ന ലോജിക്കാണ് മനസ്സിലാകാത്തത്

ജാതിക്കെതിരെ പോരാടാൻ ഒരാൾ അയാൾക്ക് ലഭിക്കുന്ന അവസാന ആകെ മാത്രമായ ആയുധവും ഉപേക്ഷിക്കണം എന്ന ലോജിക്കാണ് അലുവയും മത്തിക്കറിയും പോലെ തോന്നുന്നത്.

മനുജാ മൈത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം ചുവടെ

ചില സംവരണ നിലപാടുകൾ
••••••••••••••••••••••

യുക്തിവാദികൾ ജാതി സംവരണം എന്ന ആശയത്തെ എതിർക്കണമെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. പക്ഷേ അനിശ്ചിതമായി അവ തുടരുന്ന സാഹചര്യത്തിൽ ദശകങ്ങളായി അവ നിർത്തലാക്കാൻ സാധിക്കാത്ത നിരർത്ഥകതയെ വിമർശിക്കണം. സംവരണം എല്ലാ കാലത്തേക്കുമുള്ള ഒറ്റമൂലിയായി അവരോധിക്കപ്പെടുന്നത് തന്നെയാണ് സംവരണത്തിന്റെ ശോചനീയാവസ്ഥ. സംവരണം എന്ന mechanism കാലോചിതമായി പ്രാതിനിധ്യ കണക്കുകൾ തയ്യാറാക്കി പരിഷ്ക്കരിക്കപ്പെടുകയും, യുദ്ധകാലാടിസ്ഥാനത്തിൽ ലക്ഷ്യം കണ്ടെത്തി ( ക്രീമിലെയർ ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ച്) സംവരണം നിർത്തലാക്കുകയും ചെയ്യേണ്ടതുണ്ട്.

എന്നാൽ യുക്തിവാദികൾ (ഇത് ഒരു വ്യക്തിയുടെ തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ പറയട്ടെ) ജാതിസംവരണം സ്വീകരിക്കുന്ന രീതിയെ പൂർണമായും എതിർക്കുന്നു. ഒരു യുക്തിവാദി സ്വന്തം ജീവിതത്തിൽ നിന്ന് മതവും ജാതിയും ഉപേക്ഷിക്കുന്നതിന്റെ സർവ്വവിധമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തയ്യാറാവണം.യുക്തിവാദിയുടെ ഈ അടിസ്ഥാന ജീവിതദർശനവും അതിനായുള്ള so called വ്യവഹാരങ്ങളിൽ നിന്നുള്ള അതിജീവനമാണല്ലോ ഒരു മതാത്മക സമൂഹത്തിൽ ഒരു യുക്തിവാദിയെ ഇതര വ്യക്തികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ജാതിബന്ധിതമായ ഒരു സമൂഹം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ മതവും, മത ഉത്പന്നമായ ജാതിയും ഒഴിവാക്കികൊണ്ട് നേരിടുന്ന/ നേരിടേണ്ട യുക്തിവാദി താൻ ജനിച്ച ജാതി മൂലം degrade ചെയ്യപ്പെട്ടെന്നും, അതിനാൽ ജാതി സംവരണത്താൽ തന്നെ ആ degradation ഒഴിവാക്കണം എന്ന (ഇത് തന്നെയാണല്ലോ സംവരണം എന്ന ആശയത്തിന്റെ അടിസ്ഥാനവും) വാദഗതി അലുവയും മത്തിക്കറിയും പോലെ illogic argument ആണ്. ഈ വാദം എന്റെ യുക്തിക്ക് നിരക്കുന്ന ഒന്നല്ല.

“മതമുപേക്ഷിക്കു….” എന്ന് ആഹ്വാനം ചെയ്യ്ത് ജാതിക്കെതിരായി ജീവിതം കൊണ്ട് സമരം ചെയ്യേണ്ട യുക്തിവാദി മതവും ജാതിയും എഴുതിയാൽ മാത്രം കിട്ടുന്ന സംവരണത്തെ സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നതും, അതിന്റെ ആനുകൂല്യങ്ങൾ പറ്റുന്നതും ഒരു മടിയും കൂടാതെ അത് ന്യായീകരിക്കുന്നതും തീ കെടുത്താൻ മണ്ണെണ്ണ ഒഴിക്കുന്നത് പോലെ അപഹാസ്യവും അശാസ്ത്രീയവുമാണ്.

അടിക്കുറിപ്പ്: സംവരണ വിരുദ്ധ വാദമായി ഇതിനെ വളച്ചൊടിക്കാൻ മിനക്കെടേണ്ടതില്ല.