Wednesday, August 10, 2022

Latest Posts

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്നുള്ള കൊളീജിയം തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ചുവപ്പ് കാര്‍ഡ്. കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ശുപാര്‍ശ പുന:പരിശോധിക്കാനും നിര്‍ദേശം നല്‍കി.

കേന്ദ്രനിയമന്ത്രാലയം കത്തിലൂടെയാണ് ശുപാര്‍ശ പുന:പരിശോധിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎം ജോസഫിന് നിയമനം നല്‍കിയാല്‍ പ്രാദേശിക പ്രാതിനിധ്യത്തില്‍ വ്യത്യാസം വരും. ജോസഫിനെക്കാള്‍ സീനിയോറിറ്റി ഉള്ള നിരവധി ജഡ്ജിമാര്‍ ഉണ്ട്. അതിനാല്‍ അദ്ദേഹത്തിന് നിയമനം നല്‍കുന്നത് സീനിയോറിറ്റി മറികടക്കലാകുമെന്നും കേന്ദ്രം വാദിക്കുന്നു. കെഎം ജോസഫിന്റെ നിയമനത്തിന് അംഗീകാരം നല്‍കാത്തതിന് പിന്നില്‍ മറ്റ് കാരണങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് കഴിവിലും യോഗ്യതയിലും ഒന്നാമന്‍ എന്ന വിലയിരുത്തലോടെയാണ് ജനുവരി 10ന് കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കണമെന്ന് കോളീജിയം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. സീനിയര്‍ അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയുടെ പേരും ശുപാര്‍ശിയിലുണ്ടായിരുന്നു. എന്നാല്‍ കെഎം ജോസഫിനെ ഒഴിവാക്കി ഇന്ദുവിനെ മാത്രം സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇതിനെതിരെയാണ് ജഡ്ജിമാര്‍ തങ്ങളുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയത്.

സിനീയോരിറ്റി അടക്കമുളള കാര്യങ്ങള്‍ പരിഗണിച്ച് ശുപാര്‍ശ പുന:പരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ജോസഫിനെക്കാളും സീനിയര്‍ ആയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ പന്ത്രണ്ടാമതും ഇന്ത്യയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ നാല്‍പ്പത്തിയഞ്ചാം സ്ഥാനത്തുമാണ് ജസ്റ്റിസ് കെഎം ജോസഫ് എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

എന്നാല്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ ഫയല്‍ മടക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.