തിരുവനന്തപുരത്ത് കോവളം/തിരുവല്ലം: വാഴമുട്ടത്തിനുസമീപം ഇന്നലെ കണ്ടെത്തിയ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദേശ വനിത ലിഗയുടേതെന്നു സംശയം. ഫോറന്‍സിക് പരിശോധനയില്‍ കൃത്യമായവിവരം ലഭിക്കുമെന്നു പോലീസ് അറിയിച്ചു. പനത്തുറ ആറിനു സമീപത്തെ കൂനം തുരുത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു 2.30 നു മൃതദേഹം കണ്ടെത്തിയത്.
വിജനമായ പ്രദേശത്ത്, ആറില്‍ ചൂണ്ടയിടാനെത്തിയ യുവാക്കളാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തലയോട്ടി മൃതദേഹത്തില്‍നിന്നു വിട്ടുമാറി അരമീറ്റര്‍ വ്യത്യാസത്തില്‍ നിലത്തുകിടക്കുന്ന നിലയിലാണ് കണ്ടത്. പച്ച ബനിയനും കറുത്ത ലഗിന്‍സും ധരിച്ച നിലയിലുള്ള മൃതദേഹം ജീര്‍ണിച്ചനിലയിലാണ്. മൃതദേഹത്തിനു സമീപത്തായി ഒരു മിനറല്‍ വാട്ടര്‍ കുപ്പിയും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ലിത്വാനിയന്‍ സ്വദേശി ലിഗയുടേതാണെന്ന സംശയമുണ്ട്. കഴിഞ്ഞ മാസം 14 നാണ് ഇവരെ കാണാതായത്. വിഷാദരോഗത്തിനു ചികിത്സക്കായാണു ലിഗ പോത്തന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയിലെത്തിയത്. പിന്നീട് കോവളത്തുനിന്നും ഇവരെ കാണാതാവുകയായിരുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെ മൃതദേഹം തിരിച്ചറിയാനാണു പോലീസിന്റെ ശ്രമം. യുവതി മരണപെടുന്നതിനുമുമ്പ് മാനഭംഗത്തിനു വിധേയമായോ എന്ന കാര്യവും പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.