Fri. Nov 20th, 2026

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നവെന്നത് അംഗീകരിക്കാന്‍ മടിക്കുന്നത് സങ്കുചിത മനോഭാവമുള്ളവര്‍ക്കാണെന്ന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ്. ഇത്തരക്കാര്‍ മറ്റു രാജ്യങ്ങളെ വലുതായി കാണുന്നു. അവര്‍ തങ്ങളുടെ രാജ്യത്തെ ചെറുതാക്കി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അദ്ദേഹം നടത്തിയ മഹാഭാരതകാലത്തെ ഇന്‍റര്‍നെറ്റും സാറ്റലൈറ്റ് സേവനങ്ങളും വലിയ വിവാദമായ സാഹചര്യത്തിലാണ് പുതിയ പ്രതികരണം.

പൗരാണിക കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നെന്ന സത്യം നിങ്ങള്‍ വിശ്വസിക്കണം. നിങ്ങള്‍ ആശയകുഴപ്പത്തില്‍ ചാടരുത്. മറ്റുള്ളവരെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ബിപ്ലബ് ദേബ് ആദ്യം പ്രസംഗിച്ചത് ഇങ്ങനെ

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റുമുണ്ടായിരുന്നു. അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിപ്ലവ് കുമാര്‍ ദേവ്. ഇന്റര്‍നെറ്റും സാറ്റലൈറ്റും ഈ ടെക്നോളജിയുമെല്ലാം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

മഹാഭാരതയുദ്ധത്തിന്റെ സമയത്ത് കുരുക്ഷേത്രത്തിലെ വിവരങ്ങള്‍ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ വിവരിച്ചത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും. ഭാരതത്തില്‍ ആ സമയത്തേ ഈ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായതാണ് ഭാരതത്തിന്റെ സംസ്കാരമെന്നും ഇന്റര്‍നെറ്റും സാറ്റലൈറ്റിന്റെയുമെല്ലാം അവകാശവുമെല്ലാം യൂറോപ്യന്‍സ് സ്വന്തമാക്കിയതാണെന്നും അദ്ദേഹം വിലയിരുത്തി. മൈക്രോ സോഫ്റ്റ് കമ്പനി അമേരിക്ക അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അതിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മഹാഭാരത കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഭാരതത്തിലെയാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും സാങ്കേതിക വിദ്യയിലും ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രിയെ ലഭിച്ചത് രാജ്യത്തിന് അഭിമാനകരമായ ഒന്നാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ച്ചയായി ഓര്‍മിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്ട്സ് ആപ്പ് സ്റ്റാറ്റസും ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ മോദിജി ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ വര്‍ഷങ്ങളായി ഭരിച്ചിരുന്ന മണിക് സര്‍ക്കാരിന്റെ ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം സ്വന്തമാക്കിയ ബിജെപിക്കാരനാണ് ബിപ്ലവ്