Thu. Apr 25th, 2024

കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് കെ. പി സതീശിനെയാണ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. നേരെത്ത വിജിലന്‍സും ആഭ്യന്തര വകുപ്പും സതീശിനെ മാറ്റുന്നതിനു ആലോച്ചിരുന്നു. ഇന്ന് നിയമവകുപ്പ് ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പിനു കൈമാറി. ഈ ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പു വയ്ക്കുകയായിരുന്നു.

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് പരസ്യമായി നിലപാട് സ്വകീരിച്ച വ്യക്തിയാണ് സതീശന്‍. ഇദ്ദേഹത്തെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് സ്‌പെഷ്യല്‍ പ്ലബിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. തെളിവുകളില്ലെന്ന് വിജിലന്‍സ് നിലപാട് സ്വീകരിച്ചപ്പോള്‍ അതിനെതിരെ സതീശന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ബാര്‍ കോഴക്കേസ് വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സതീശന്‍ കോടതിയില്‍ ഹാജാരയതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കിച്ചത്.

കെ എം. മാണിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുന്ന ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസില്‍ ഹാജരാകുന്നതു തങ്ങളാണെന്ന് വിജിലന്‍സ് നിയമോപദേശകര്‍ കോടതിയെ അറിയിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നത് ഇവിടെയല്ല ഹൈക്കോടതിയില്‍ മാത്രമാണെന്ന് ഇവര്‍ വാദിച്ചു. ഇവരെ കൂടാതെ കെ.എം മാണിയുടെ അഭിഭാഷകരും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.കേസില്‍ മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് നിലപാട്.