പ്രസ്താവനകൾകൊണ്ട് പരസ്പരം കൊമ്പുകോർക്കുമ്പോഴും നവലിബറൽ നയങ്ങളുടെ കാര്യത്തിൽ ഒരേതൂവൽ പക്ഷികൾ എന്നനിലയിൽ മുഖ്യമന്ത്രി പിണറായി വിജയന് അവരുടെ ഭാഗത്തുനിന്ന് നിറഞ്ഞ അഭിനന്ദനം. റോഡു വികസനമുള്‍പ്പെടെ കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചത്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍, അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ഗഡ്ഗരി സംഭാഷണം തുടങ്ങിയതുതന്നെ. ”നന്ദി വിജയന്‍ സാര്‍, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുന്നത്” -ഗഡ്കരി പറഞ്ഞു.
ദേശീയപാത വികസനം മാത്രമല്ല, ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി എടുത്തുപറഞ്ഞു. ഈ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും സംസ്ഥാന സര്‍ക്കാരിനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍സര്‍ക്കാരുകളുടെ കാലത്ത് മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ജീവന്‍വെച്ചത് പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ്. വടക്കന്‍ ജില്ലകളില്‍ ഭൂമിയേറ്റെടുത്തു നല്‍കാന്‍ കഴിയാഞ്ഞതിനാല്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.ഡി.എഫ്. സര്‍ക്കാരിനോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി കാണാനെത്തിയപ്പോള്‍ അദ്ദേഹം പിണറായിയോട് ആദ്യം പറഞ്ഞത് മുടങ്ങിക്കിടക്കുന്ന ഗെയില്‍ പൈപ്പ് ലൈനിനെക്കുറിച്ചാണ്. ഗുജറാത്തിനും കേരളത്തിനും ഒരേ സമയത്താണ് എല്‍.എന്‍.ജി. ടെര്‍മിനല്‍ അനുവദിച്ചതെങ്കിലും ഗുജറാത്തിലേത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാത്തത് ഖേദകരമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. അന്നു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് ഒന്നരവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാവുന്നത്.
ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍, സ്ഥലം ഏറ്റെടുത്തു കൈമാറാതെ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി ഗഡ്കരി. റോഡിന്റെ വീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം എല്ലാ സംസ്ഥാനങ്ങളുമായും അദ്ദേഹം ദേശീയപാത വികസനം പ്രത്യേകം ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ ഭൂമി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ വിഷയത്തില്‍ ഭാവിയില്‍ ഒറ്റപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പലപ്രാവശ്യം അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചു. ആ സ്ഥിതിക്ക് വലിയ മാറ്റമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
കീഴാറ്റൂരില്‍ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടില്ലെങ്കിലും അവിടത്തെ സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷത്തെക്കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷയം സംസ്ഥാനസര്‍ക്കാര്‍തന്നെ തീര്‍പ്പാക്കി സ്ഥലം കൈമാറുന്ന മുറയ്ക്കേ ദേശീയപാത അതോറിറ്റിക്ക് തുടര്‍നടപടികളിലേക്ക് കടക്കാനാവൂ. അതേസമയം, മേല്‍പ്പാതയെക്കുറിച്ച് ചില കേന്ദ്രങ്ങളില്‍നിന്ന് സംസാരമുണ്ടായെങ്കിലും കനത്ത സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ അത് അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമിക്കുള്ള നഷ്ടപരിഹാരവും നിര്‍മാണച്ചെലവും കൂടുതലാണ്. മേല്‍പ്പാതപോലുള്ള സംഗതികള്‍ വരുമ്പോള്‍ ചെലവ് എത്രയോ മടങ്ങാവും. മാത്രമല്ല, സ്ഥലപരിമിതിയുള്ള, കേരളംപോലുള്ള സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും മേല്‍പ്പാതകള്‍ക്കായി മുറവിളി ഉയരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.