Mon. Nov 23rd, 2026

പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ കൂടി അറസ്റ്റില്‍. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത്.

എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്. ഇയാള്‍ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇത് വഴിയാണ് വില്‍പന നടത്തിയതെന്നും പൊലീസ് പറയുന്നു.