Thu. Apr 25th, 2024

മുൻ ഔദ്യോഗിക ഫലം തേങ്ങയെ തേച്ചുകൊണ്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫോണ്‍വിളി വരുവോളം ബാലകൃഷ്ണന്‍ അറിഞ്ഞിരുന്നില്ല, ചക്കയെ ഔദ്യോഗിക ഫലമാക്കിയതു തന്റെ നിവേദന ഫലമാണെന്ന്. ഒറ്റപ്പാലം മനിശേരി പനയങ്കണ്ടത്ത് മഠം തൃക്കോട് ബാലകൃഷ്ണന്‍ 2016 ലാണ് ഇതു സംബന്ധിച്ച നിവേദനം നല്‍കിയത്. ചൊവ്വാഴ്ച രാത്രിയാണു ബാലകൃഷ്ണനു മന്ത്രിയുടെ ഫോണ്‍വിളി എത്തിയത്. കാവശേരി ജി.എല്‍.പി. സ്‌കൂള്‍ പ്രധാനധ്യാപകനാണ് ബാലകൃഷ്ണന്‍.

ഇതേക്കുറിച്ച് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

”ചക്കയാണിന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. കൃഷിമന്ത്രി സുനില്‍ കുമാര്‍ പറഞ്ഞാണ് ആ നാള്‍വഴി ഞാന്‍ അറിഞ്ഞത്. ഒറ്റപ്പാലം മനിശേരിയിലെ ബാലകൃഷ്ണന്‍ തൃക്കണ്ണൂര്‍ എനിക്കൊരു നിവേദനം നല്‍കി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം- സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് അയല്‍നാടുകളിലും വിദേശത്തും പ്രിയം കൂടി വരികയാണ്. സംസ്ഥാനത്ത് ലഭ്യമാകുന്ന ചക്കയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ സംസ്ഥാന സമ്പദ്ഘടനയ്ക്ക് അത് െകെത്താങ്ങാകും.

ചക്കയുടെ പ്രാധാന്യത്തെക്കുറിച്ച് വിപണനസാധ്യതകളെക്കുറിച്ചും മലയാളികള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഈ പശ്ചാത്തലത്തില്‍ ചക്കയെ സംസ്ഥാനഫലം എന്ന പദവി നല്‍കി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ചക്കയുടെ പെരുമ ജനങ്ങളിലെത്തിക്കാന്‍ ഇത് സഹായകരമാകും. ഫയല്‍ മന്ത്രിമാരായ എ.കെ. ബാലനും സുനില്‍കുമാറിനും നല്‍കി. സുനില്‍ കുമാര്‍ ഇതു മുഖ്യമന്ത്രിക്കും. മറ്റു ഫലങ്ങളെയൊന്നും സംസ്ഥാന ഫലമായി അംഗീകരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അങ്ങനെ ചക്ക സംസ്ഥാനഫലമായി തീരുമാനിച്ച് ഉത്തരവിറങ്ങി.

ചക്കയുടെ ഉത്സാഹക്കമ്മിറ്റിക്കാരെല്ലാം അഭിനന്ദനങ്ങളും മറ്റും അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണന്‍ മാഷിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമുണ്ടായത് എന്ന് ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴാണ് അദ്ദേഹം അറിയുന്നത്. ആലത്തൂര്‍ കാവശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മാഷാണ് അദ്ദേഹം. ഇത്തവണ പാലക്കാട് ജില്ല വനമിത്ര അവാര്‍ഡ് മാഷിനാണ് ലഭിച്ചത്. മാഷിന്റെ വീട്ടില്‍ എട്ടു പ്ലാവുകളുണ്ട്.’