Sun. Nov 22nd, 2026

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾഅടുത്ത അധ്യയനവര്‍ഷം തത്കാലം  അടച്ച് പൂട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്കൂളുകൾ പൂട്ടുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ഉത്തരവ് നടപ്പാക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്കൂളുകൾ പൂട്ടുന്നതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ സ്കൂളുകൾ പൂട്ടരുതെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. രണ്ട് മാസത്തിനകം കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി.

അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അടുത്ത വർഷം മുതൽ പ്രവർത്തിക്കാൻ പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകിയത്. ഈ സ്കൂളുകളിലെ വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. സ്കൂളുകൾ പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും നിയമസഭയിൽ പറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദേശ പ്രകാരമായിരുന്നു നോട്ടീസ് നൽകിയത്. തുടർന്ന് 1585 സ്കൂളുകൾക്ക് നോട്ടീസ് നൽകി. എന്നാൽ, സർക്കാരിന്റെ തീരുമാനത്തിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ല. അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും നിർദ്ദേശിച്ചിരുന്നു.അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നൽകാൻ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അദ്ധ്യയന വർഷം സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. മൂന്ന് ഏക്കർ സ്ഥലം, കഴിഞ്ഞ അഞ്ച് വർഷമായി ശരാശരി 300 കുട്ടികൾ, സ്ഥിരം കെട്ടിടം, യോഗ്യതയുള്ള അദ്ധ്യാപകർ എന്നിവയായിരുന്നു മാനദണ്ഡം. അംഗീകാരമില്ലാത്ത ഏകദേശം 3400 സ്കൂളുകൾ അപേക്ഷിച്ചതിൽ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നൽകിയിരുന്നു.

മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് സ്ഥാപനങ്ങളുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നുമാസത്തിനകം എതിര്‍സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.