Sat. Nov 21st, 2026

വിദ്യാർത്ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ഫറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ വകുപ്പുതല നടപടിക്ക് നിർദ്ദേശിച്ചതായി സർക്കാർ വ്യക്തമാക്കി. ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു.

അദ്ധ്യാപകനെതിരെ കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ അദ്ധ്യാപകനെതിരെ കേസെടുത്തത് അനാവശ്യ നടപടിയാണെന്ന് കെ.എം.ഷാജി എം.എൽ.എ പറഞ്ഞു.

കോളേജിലെ വിദ്യാർത്ഥിനിയായ അമൃത മേത്തറുടെ പരാതി സിറ്റി പൊലീസ് കൊടുവള്ളി സ്റ്റേഷന് കൈമാറുകയായിരുന്നു. തുടർന്നാണ് അദ്ധ്യാപകനെതിരെ കേസെടുത്തത്. സ്ത്രീയുടെ മാനത്തെ അങ്ങേയറ്റം അവഹേളിക്കുന്ന പരാമർശങ്ങളാണ് താനടക്കമുള്ള മുസ്ലീം വിദ്യാർത്ഥിനികളുടെ നേർക്ക് അദ്ധ്യാപകൻ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

പരാതി നൽകിയതിന് പിന്നാലെ ജൗഹർ മുനവ്വർ അവധിയിൽ പ്രവേശിച്ചു. ഈമാസം 28 വരെയാണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് കൊണ്ടുള്ള പരാമർശത്തെ തുടർന്ന് കോളേജിലും സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സമരം നടത്തുകയാണ്.