കഴിഞ്ഞ ബുധനാഴ്ച നടത്തിയ പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ് ആപ്പിലൂടെ ചോർന്നത് പരീക്ഷയ്ക്ക് തലേദിവസമാണെന്ന് പൊലീസിന് സൂചന കിട്ടി. ഇക്കാര്യം സ്ഥിരീകരിക്കാൻ വാട്സ് ആപ്പ് സന്ദേശങ്ങൾ പൊലീസ് പിടിച്ചെടുത്തു. തൃശൂരിൽ പരീക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സൈബർ ക്രൈം പൊലീസ് ഇന്നലെ ചോദ്യംചെയ്തു. വാട്സ് ആപ്പ് സന്ദേശമെത്തിയ ഫോണുകളും പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു.
അതേസമയം, ചോദ്യപേപ്പർ ചോർന്നിട്ടുണ്ടോയെന്ന് ഇതുവരെ ഉറപ്പിച്ചു പറയാറായിട്ടില്ലെന്നും തീരുമാനത്തിലെത്താൻ രണ്ടുദിവസം കൂടിയെടുക്കുമെന്നും സൈബർ ക്രൈം ഡിവൈ.എസ്.പി ഇക്ബാൽ പറഞ്ഞു. സർക്കാരിനെ ബാധിക്കുന്ന പ്രശ്നമായതിനാൽ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. പരീക്ഷ റദ്ദാക്കണമെന്നോ ഇല്ലെന്നോ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല- ഡിവൈ.എസ്.പി പറഞ്ഞു.
കൊടുങ്ങല്ലൂർ മേഖലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങൾ പ്രചരിച്ചത്. നാല് പേപ്പറുകളിലായി എഴുതി തയ്യാറാക്കിയ 23 ചോദ്യങ്ങളിൽ ആറെണ്ണം ബുധനാഴ്ചയിലെ ഫിസിക്സ് പരീക്ഷയിൽ മാറ്റമില്ലാതെ ആവർത്തിച്ചിരുന്നു. 16 മാർക്കിനുള്ളതാണ് ഈ ചോദ്യങ്ങൾ. വാട്സ്ആപ്പിൽ ചോദ്യങ്ങൾ പ്രചരിപ്പിച്ചത് ആരാണെന്നും എപ്പോഴാണെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ഹയർസെക്കൻഡറി ഡയറക്ടറുടെ പരാതിയിൽ, സർക്കാർ ഉദ്യോഗസ്ഥർ ക്രിമിനൽ സ്വഭാവമുള്ള വിശ്വാസവഞ്ചന കാട്ടിയതിന് ഐ.പി.സി-406, ഐ.ടി ആക്ട് 43, 66 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടെങ്കിൽ അത് ഗൗരവമുള്ളതാണെന്നും ചോദ്യപേപ്പർ ചോർന്നതായി കരുതേണ്ടിവരുമെന്നും പരീക്ഷാ സെക്രട്ടറി പ്രൊഫ. ഇമ്പിച്ചിക്കോയ പറഞ്ഞു.
അതിനിടെ ഫിസിക്സ് പരീക്ഷ റദ്ദാക്കിയെന്നും പുനഃപരീക്ഷ 29ന് നടത്തുമെന്നും ഹയർസെക്കൻഡറി ഡയറക്ടറുടെ പേരിൽ ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിച്ചു. ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന് ഹയർസെക്കൻഡറി ഡയറക്ടർ പി.കെ. സുധീർബാബു ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. 29ന് രാവിലെ 10ന് പുനഃപരീക്ഷ നടക്കുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.