Thu. Mar 28th, 2024

ട്രെയിനില്‍വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ്. ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച് താന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് നിഷ പറഞ്ഞതായി മനോരമയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘മീ ടൂ കാമ്പെയ്ന്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതല്ല. അയാളുടെ പേര് വെളിപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. അത് സ്വകാര്യതയ്ക്കുള്ള അവകാശമാണ്. പീഡിപ്പിക്കപ്പെടുകയോ പീഡനം ശ്രമത്തിന് ഇരയാകുകയോ ചെയ്തവര്‍ക്ക് അത് തുറന്നു പറയാനും താന്‍ സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ സൃഷ്ടിക്കാനുമാണ് ഈ കാമ്പെയ്ന്‍. വാക്കാലോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ട ആദ്യത്തെ സ്ത്രീയല്ല താന്‍. പലരും അത് തുറന്നുപറയാന്‍ തയ്യാറാകില്ല ‘ – നിഷ പറഞ്ഞു.

ഈ സംഭവം വളരെക്കാലം മുമ്പുണ്ടായതാണ്. അന്ന് എന്റെ കുട്ടികള്‍ തീരെ ചെറുതായിരുന്നു. ജോലി കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ആ അക്രമി അറസ്റ്റിലാകണമെന്നുണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ അത് ചെയ്യാമായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന നിലയില്‍ മറക്കാനല്ല ക്ഷമിക്കാനാണ് പഠിച്ചത്. അക്രമിയുടെ പേര് പറയാതെ തന്നെ ആ സംഭവം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും അതിനാലാണ് – നിഷ കൂട്ടിച്ചേര്‍ത്തു.

ഷോണ്‍ ജോര്‍ജ്ജ് ആണ് അക്രമിയെന്ന് ആരാണ് പറഞ്ഞതെന്നും അവര്‍ ചോദിച്ചു. ഷോണിന്റെയോ മറ്റേതെങ്കിലും ഒരു വ്യക്തിയുടേയോ പേര് താന്‍ പറഞ്ഞിട്ടില്ല. ഇതില്‍ പി സി ജോര്‍ജ്ജിന്റെ കുടുംബം തന്റെ കുടുംബത്തെ അസഭ്യം പറയുന്നതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും നിഷ പറഞ്ഞു. ഞാന്‍ കോടതിയെ സമീപിക്കാത്തതിനാല്‍ തന്നെ പോലീസിന് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല. അതിനാല്‍ തന്നെ ഷോണിന്റെ നിയമപരമായ നീക്കങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.