Sat. Nov 21st, 2026

നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൈവേ അതോറിറ്റി പരിശോധിച്ച രണ്ട് സാധ്യതകളെക്കുറിച്ചും വിശദമായി പരിശോധിക്കുന്ന റിപ്പോര്‍ട്ടില്‍ നിലവിലുള്ള ദേശീയപാത വികസിപ്പിക്കുകയും ചെറിയ ദൂരത്തില്‍ മേല്‍പ്പാലം നിര്‍മ്മിക്കുകയും ചെയ്യുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരവും പരിസ്ഥിതി സന്തുലിതാവസ്ഥക്ക് അനുകൂലവുമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ദേശീയപാത അതോറിറ്റി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് നടപ്പായാല്‍ കുപ്പം പുഴയുടെ അഞ്ച് സൂക്ഷ്മ നീര്‍ത്തടങ്ങള്‍ പാടെ നശിക്കുമെന്നും പ്രദേശത്തെ സ്വാഭാവിക ജലസംഭരണികള്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 29.11 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും അതില്‍ 21.09 ഹെക്ടര്‍ വയല്‍പ്രദേശമോ തണ്ണീര്‍ത്തടമോ ആണെന്നും പഠനം കണ്ടെത്തുന്നു. കടന്നുപോകുന്ന ഭാഗത്തിലേറെയും തണ്ണീര്‍ത്തടങ്ങളാണ് എന്നതാണ് ഈ അലൈന്‍മെന്റിന്റെ മുഖ്യ സവിശേഷത. കുറ്റിക്കോല്‍ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയല്‍ വളരെ വീതി കുറഞ്ഞതായതിനാല്‍ കൂവോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകും. തളിപ്പറമ്പ്, പുളിമ്പറമ്പ്, കൂവോട്, പ്ലാത്തോട്ടം പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളം ഒഴുകിയെത്തുകയും സംഭരിക്കുകയും ചെയ്യുന്നതാണ് ഈ വയലുകള്‍.

സമീപപ്രദേശങ്ങളെക്കാള്‍ ഏറെ താഴ്ന്നുകിടക്കുന്ന ഈ വയലില്‍ കൂടി റോഡ് പണിയാന്‍ ചുരുങ്ങിയത് മുന്നരമീറ്റര്‍ എങ്കിലും വയല്‍ മണ്ണിട്ട് ഉയര്‍ത്തേണ്ടിവരും. ആറ് കിലോമീറ്റര്‍ റോഡില്‍ നാലരകിലോമീറ്റും ഈ വിധം മണ്ണിട്ട് ഉയര്‍ത്തേണ്ടുന്ന പ്രദേശമാണ്. റോഡ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 45 മീറ്റര്‍ വീതിയില്‍ മണ്ണിടുമ്പോള്‍ 1,30.000 ലോഡ് മണ്ണാണ് വേണ്ടിവരിക. ഇത്രയും മണ്ണ് എവിടെ നിന്നാണ് കൊണ്ടുവരികയെന്നും ഇതിനായി പ്രത്യേകം കുന്നുകളിടിക്കേണ്ടിവരുമോ എന്നും എങ്കില്‍ അതിന്റെ പാരിസ്ഥിതിക ആഘാതം എന്തായിരിക്കുമെന്നും പരിഷത്ത് റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നു.

ഹൈവെ അതോറിറ്റി പരിശോധിച്ച രണ്ട് അലൈന്‍മെന്റുകളും കുടിയൊഴിപ്പിക്കലിന്റെയും കൃഷിഭൂമി നഷ്ടമാകുന്നതിന്റെയും പേരില്‍ എതിര്‍പ്പുകളെ നേരിടുന്നു. കീഴാറ്റൂര്‍ വഴിയുള്ള ബൈപാസ് എന്ന ആശയം കടുത്ത പാരിസ്ഥിതിക ആഘാതവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഹൈവെ തന്നെ വീതികൂട്ടി നഗരഭാഗത്ത് ഒരു ഫ്‌ളൈ ഓവറിന്റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യം പരിഷത്ത് മുന്നോട്ട് വയ്ക്കുന്നത്.

നഗരത്തിരക്ക് ആരംഭിക്കുന്ന ഏഴാംമൈല് മുതല്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിന് സമീപം വരെ പത്ത് മീറ്റര്‍ വീതിയില്‍ ഒരു ഫ്‌ളൈ ഓവര്‍ തീര്‍ത്താല്‍ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടൈ എണ്ണം വളരെ കുറക്കാനാകും. താഴെയും മുകളിലും രണ്ട് വരി വീതം പാതകളായി ഫ്‌ളൈഓവറും നിലവിലുള്ള പാതയെയും ഉപയോഗപ്പെടുത്താം. നവീകരിക്കുന്ന 5.50 കിമീ ഹൈവെയില്‍ 2.1 കിമീറ്ററാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കേണ്ടിവരിക. ഹൈവെ വികസനത്തിനായി 10.33 ഹെക്ടര്‍ ഭൂമി മാത്രമെ ഏറ്റെടുക്കേണ്ടിവരികയുള്ളൂ. 30 വീടുകളും 39 വാണിജ്യസ്ഥാപനങ്ങളുമാണ് നഷ്ടമാവുക. ഇവയില്‍ പലതും അമ്പത് വര്‍ഷത്തിന് മീതെ പഴക്കമുള്ളവയാണ്. ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിന് ചെലവേറും എന്ന വാദം ഹ്രസ്വകാല അടിസ്ഥാനത്തില്‍ ശരിയാണെന്ന് തോന്നുമെങ്കിലും അമ്പത് കൊല്ലത്തേക്ക് അറ്റകുറ്റപണികള്‍ വേണ്ടിവരില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാണെന്ന് കാണാം. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വിശദമായ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താതെ കോടികള്‍ ചെലവഴിച്ച് നടത്തിയ പല പദ്ധതികളും ഉപയോഗരഹിതമായും വിനാശകരമായും മാറിയ ഒട്ടേറെ അനുഭവങ്ങള്‍ കേരളത്തിലുണ്ട്. പ്രദേശത്തെ നീരൊഴുക്ക് പരിശോധിക്കാതെ റോഡുകള്‍ വികസിപ്പിച്ചതിന്റെ ഫലമാണ് തിരുവനന്തപുരവും എറണാകുളവും പൊലുള്ള പ്രധാന നഗരങ്ങള്‍ പോലും തുടര്‍മഴ ലഭിക്കുമ്പോള്‍ നിശ്ചലമാകുന്നതിന്റെ കാരണം.

തളിപ്പറമ്പ് ബൈപാസ് ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അത് ഏത് വഴി വേണമെന്ന് നിശ്ചയിക്കുന്നത് വിശദമായ പാരിസ്ഥിതിക-സാമ്പത്തിക പഠനത്തിന്റെയും ദീര്‍ഘകാലത്തേക്കുള്ള പരിഗണനയുടെയും അടിസ്ഥാനത്തിലാവണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.