Tue. Nov 24th, 2026

ശകുന്തളയുടെ ഘാതകനെന്ന് പൊലീസ് കണ്ടെത്തിയ എസ്.പി.സി.എ ഇൻസ്പെക്ടർ എം.ടി.സജിത്തിന് കൊച്ചിയിലെ പെൺവാണിഭ സംഘവുമായും അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശകുന്തളയുടെ മകൾ അശ്വതിക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവർക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തിയതായി അറിയുന്നു. അതേസമയം, ശകുന്തള വധക്കേസിനെ തുടർന്ന് മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ ജനുവരി എട്ടിന് കോൺക്രീറ്റ് വീപ്പയിൽ ശകുന്തളയുടെ ജഡം കണ്ടെത്തിയതിനും പിറ്റേന്ന് കേസിലെ ഒന്നാം പ്രതി എസ്.പി.സി.എ ഇൻസ്പെക്ടർ എം.ടി.സജിത്ത് ദുരൂഹമായി മരിച്ചതിനും പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് എറണാകുളത്ത് താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതി വിദേശത്തേക്ക് കടന്നത്.

സജിത്തുമായും ശകുന്തളയുടെ മകൾ അശ്വതിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവർ ഗൾഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവർ വിനോദയാത്രകൾ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പൊലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവർ സമൂഹമാദ്ധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്ട്സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവർക്ക് പങ്കുള്ളതായാണ് സംശയം.

ശകുന്തളയുടെ മകൾ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടൻ രണ്ട് ദിവസത്തിനുള്ളിൽ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.

2017 നവംബർ 8 ന് കുമ്പളം കായലിൽ, കൊലപ്പെടുത്തി ചാക്കുകെട്ടിലാക്കി കായലിൽ തളളിയ നിലയിൽ കണ്ടെത്തിയ അജ്ഞാത ജഡത്തെക്കുറിച്ചുള്ള അന്വേഷണവും സജിത്തിനേയും സംഘത്തേയും കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മൃതദേഹം കെട്ടിയ ഉപയോഗിച്ച ചാക്കിലെ കോൺക്രീറ്റ് കട്ടകൾക്കും കല്ലുകൾക്കും ശകുന്തളയുടെ ജഡം കണ്ടെത്തിയ വീപ്പയിലെ വസ്തുക്കളോടുള്ള സാമ്യവും രണ്ട് മൃതദേഹങ്ങളിലേയും കാലുകൾ കൂട്ടിക്കെട്ടിയതിലെ സാമ്യവുമാണ് അന്വേഷണം ഇവരിലേക്ക് കൊണ്ടുവരുന്നതിന് കാരണം.