Sun. Nov 22nd, 2026

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയാൾക്കെതിരെ പൊലീസ് കേസെടുത്തു. പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറി (30)നെതിരെയാണ് കേസ്. ഇന്നലെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ;് ലൈനിലേക്കാണ് ഫോൺ കോൾ വന്നത്. ഉടൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർക്കും സന്ദേശം കൈമാറുകയായിരുന്നു.

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് കണ്ടെത്തി. സിം കാർഡിന്റെ ഉടമസ്ഥ ഒരു പെൺകുട്ടിയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ നഷ്ടപ്പെട്ടു പോയ സിം കാർഡാണിതെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷാണ് വിളിച്ചതെന്ന് കണ്ടെത്തിയത്

സമാന സംഭവത്തിൽ ഇയാൾക്കെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സെപ്തംബർ 18ന് സി.പി.എം പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. യുവാവിന് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നും കണ്ണൂർ ഡിവൈ.എസ്.പി പി.സദാനന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണിയായതുകൊണ്ട് പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. വിജേഷ് കുമാറിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ടൗൺ എസ്.ഐ ശ്രീജിത് കൊടേരി പറഞ്ഞു.