Sat. Oct 24th, 2026

‘വലിച്ചാൽ നീളുന്നതും, വിട്ടാൽ ചുരുങ്ങുന്നതും ആയ ഒരു സ്ഥലമുണ്ട് പ്രപഞ്ചത്തിൽ. തിരുവനന്തപുരം സിറ്റി’ എന്ന് പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ശ്രീദേവി എസ് കർത്താ. ഒരു പ്രത്യേക ദിവസം 4മണി വരെ അവിടെ ഒരു 60കിലോ മീറ്റർ ചുറ്റളവിൽ 45ലക്ഷം മനുഷ്യർക്കു നിൽക്കാം… കിടക്കാം… അടുപ്പ് കൂട്ടാം. വിശ്രമിക്കാം… അതു കഴിഞ്ഞാൽ ബഷീർ പറഞ്ഞ “ഡബര് “പോലെ ചുരുങ്ങും.. അത്ഭുതം!!! എന്ന് ശ്രീദേവി ഫെയ്‌സ് ബുക്കിൽ ട്രോളിയിരിക്കുന്നത് രണ്ട് ലക്ഷംപേരിൽ അധികം പങ്കെടുത്തിട്ടില്ലാത്ത ആറ്റുകാൽ പൊങ്കാലയിൽ 45 ലക്ഷംപേർ പങ്കെടുത്തു എന്ന മാധ്യമ തള്ളിനെതിരെയാണ്.

കഴിഞ്ഞ വർഷം 35ലക്ഷം പേരെ മാത്രമേ ഈ സ്ഥലത്തു ഉൾകൊള്ളുമായിരുന്നുള്ളു. ഇപ്പോൾ 10ലക്ഷം കൂടി.. താമസിയാതെ ലോകത്തെ മുഴുവൻ സ്ത്രീകളും ഇവിടെ എത്തിച്ചേരുമെന്നും ശ്രീദേവി കുറിക്കുന്നു.

അതു മാത്രമല്ല ഉദ്ദേശം 2ലക്ഷത്തോളം അടുപ്പുകൾ കുംഭമാസ ചൂടിലേക്ക് പകരുന്ന അന്തരീക്ഷ താപം. പൊങ്കാലയുടെ ഭാഗമായി “clean “ചെയ്യപ്പെടുന്ന തെരുവുകളിൽ നിന്ന് എന്നത്തേക്കും അപ്രത്യക്ഷമാകുന്ന ജീവികൾ. പൊങ്കാലയ്ക്ക് വരുന്നവർ അവശേഷിപ്പിച്ചു പോകുന്ന മാലിന്യം ഇതേക്കുറിച്ചൊന്നും സംസാരിക്കാൻ ഒരു മാധ്യമത്തിനും പക്ഷേ നാവും തൂലികയും അനങ്ങിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പിൻകുറിപ്പ്:

പൊങ്കാലയിടാന്‍ 45 ലക്ഷം പേര്‍ വന്നതായി മാധ്യമങ്ങള്‍. ഇത്രയും പേര്‍ വന്നാല്‍ സിറ്റിയില്‍ എവിടെ നില്‍ക്കും? ഞങ്ങളുടെ വീടുകള്‍ പൊളിച്ച് ഗ്രൗണ്ടാക്കിയാലും സ്ഥലം പോരാ!

സിറ്റിക്ക് ഇരു വശവും കടലാണ്. വടക്കോട്ട് കിഴക്കേകോട്ട വരെ 2 കി.മീ. റോഡും ഇട റോഡുകളുമുണ്ട്. പിന്നെ M G റോഡിന് ഇരു വശം 5 കി.മീ. അടുപ്പിടാം. തമ്പാനൂരിലും കിള്ളിപ്പാലം വരെയും ഒരു കി.മീ. ഇടാം. കിഴക്ക് മരുതൂര്‍ക്കടവുവരെ 2 കി.മീ. അടുപ്പുണ്ട്. തീര്‍ന്നു. തെക്കോട്ടും പറിഞ്ഞാറോട്ടും അടുപ്പില്ല.

ഒരു മീറ്ററിന് റോഡിനിരുവശവുമായി രണ്ട് അടുപ്പ് എന്ന് കണക്കുകൂട്ടാം. ആകെ 50 കി.മീ. റോഡ് പൊങ്കാലയ്‌ക്ക് ഉപയോഗിച്ചാലും ഒരു ലക്ഷം അടുപ്പേ ആകുന്നുള്ളൂ. പിന്നെ, ക്ഷേത്ര പരിസരത്ത് ചില വീട്ടുകാര്‍ മുറ്റം ഒഴിഞ്ഞു കൊടുക്കും. അതുകൂടി ചേര്‍ത്താല്‍ പൊങ്കാലയിട്ടവര്‍ അങ്ങേയറ്റം രണ്ടു ലക്ഷം കാണും. അതിനെയാണ് 45 ലക്ഷമെന്ന് തള്ളുന്നത്!