Sun. Nov 22nd, 2026

മുസ്ലീം സമുദായത്തിനിടയില്‍ അനുഷ്ടിച്ചു വരുന്ന സുന്നത്ത് കര്‍മ്മത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

ചെറുപ്രായത്തില്‍ കുട്ടികളുടെ അനുമതിയില്ലാതെയാണ് ചേലാ കര്‍മ്മം നടത്തുന്ന്. അസഹനീയമായ വേദനയും, ഭാവിയില്‍ ചേലാകര്‍മ്മത്തിന് വിധേയനാകുന്ന വ്യക്തിയുടെ ലൈംഗീക ജീവിതത്തില്‍ നിരവധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനും ചേലാ കര്‍മ്മം കാരണമാവുമെന്നും, തികച്ചും പ്രാകൃതമായ രീതിയിലാണ്, ഇത് നടപ്പാക്കി വരുന്നതെന്നും പരാതിയില്‍ പറയുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ബാലാവകാശ ലംഘനം ഉണ്ടാകുന്നുണ്ടെന്ന ആരോപണത്തില്‍ ഇടപെടാന്‍ തയ്യാറായ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുന്നത്തിന്റെ പേരില്‍ നടക്കുന്ന ബാല പീഡനം കണ്ടില്ലെന്ന് നടിക്കുന്നത് വിവേചന പരവും വര്‍ഗ്ഗീയപരവുമായ നിലപാടാണ്. അതിനാല്‍, സുന്നത്തിന് കര്‍മ്മത്തിനെതിരെ ഞങ്ങള്‍ നല്‍കുന്ന പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, മറ്റ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബാദ്ധ്യസ്ഥരാകുമെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദു ഹെല്‍പ്പ് ലൈനിന് വേണ്ടി എന്‍ അനില്‍ കുമാര്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍, പരാതിക്കാരന് രസീതും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.18 നാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.