Thu. Apr 18th, 2024

നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വില്ലെപാര്‍വെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടില്‍ അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ സിനിമയുടെ ‘ശ്രീ’യുടെ മൃതദേഹം വിലാപയാത്രയായാണ് സേവാ സമാജിലേയ്ക്ക് കൊണ്ടുവന്നത്. ദുബായില്‍ അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നാണ് പുറപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

നേരത്തെ ശ്രീയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലേയ്ക്ക് എത്തിയത്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. ചുവന്ന പട്ടില്‍ അണിഞ്ഞൊരുങ്ങിയാണ് ശ്രീദേവി യുടെ അവസാനയാത്ര.

ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ഹേമ മാലിനി, തബു, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍. ഫറാ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌പോര്‍ട്‌സ് ക്ലബിലെത്തി.

അജയ് ദേവ്ഗണ്‍, കാജോള്‍, ജയാ ബച്ചന്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലന്‍, ജോണ്‍ എബ്രാഹം, വിവേക് ഒബ്‌റോയ്, ഭൂമിക ചൗള, സതീശ് കൗശിക്, പ്രകാശ രാജ്, രാകേഷ് റോഷന്‍ തുടങ്ങിയവരും അവസാനമായി ശ്രീദേവിയെ കാണാന്‍ എത്തി. എന്നാല്‍ പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ക്യാമറകള്‍ പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും കുടുംബം അറിയിച്ചു.

ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണ് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.