Fri. Nov 20th, 2026

‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന് പറഞ്ഞ സഹോദരൻ അയ്യപ്പന്റേയും ‘നാം ജാതിയും മതവുമെല്ലാം പൂർണ്ണമായും വിട്ടിരിക്കുന്നു’ എന്നുപറഞ്ഞ നാരായണഗുരുവിന്റേയും പിന്തുടർച്ച അവകാശപ്പെടുന്ന ആ പരമ്പര്യത്തെക്കുറിച്ചു ഇപ്പോഴും വീമ്പിളക്കുന്ന പ്രസ്ഥാനങ്ങൾ എല്ലാം ഇന്ന് മതസംഘടനകളുമായി സന്ധി ചെയ്തുകഴിഞ്ഞു എന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം. ഹ്യൂമനിസ്റ്റ് യൂത്തുമൂവ്മെൻറ് ആലപ്പുഴ ജില്ലാ കൺവൻഷൻ ആലപ്പുഴ ബി എസ് എൻ എൽ യൂണിയൻ ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1957 ലെ കമ്യൂണിസ്റ്റ് മന്ത്രി സഭ ഒരു മതസംഘടനയുടെയും ഔദാര്യം ഇല്ലാതെയായാണ് അധികാരത്തിൽ വന്നതെന്നും എന്നാൽ പിന്നീട് ഇടത് വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും മത സംഘടനകളുമായി സന്ധി ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തലമുറ അഭിമുഖീകരിച്ചതിനേക്കാൾ തീക്ഷണമായ വേർതിരിവുകളും അന്ധവിശ്വാസനകളും അനാചാരങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് വരും തലമുറ കടന്നുപോകാൻ പോകുന്നത് എന്ന് സൂചന നൽകുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് നമുക്കുചുറ്റും അരങ്ങേറുന്നത് എന്നും യുവജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 10 മണിമുതൽ രാജു വാടാനപ്പള്ളി “ജൈവ പരിണാമവും ജീവൻറെ ചരിത്രവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സെമിനാറിൽ “സംവരണത്തിൻറെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മനുജ മൈത്രി വിഷയം അവതരിപ്പിച്ചു.

കൺവെൻഷനിൽ എച്ച് വൈ എം നേതാക്കൾ ആയ ശ്രീവാസ്,ജസ്റ്റിൻ ,രേഷ്മ ,സച്ചിൻ ,സാംജു എന്നിവരും ആശംസകൾ അർപ്പിച്ചു കൊണ്ട് കെ വൈ എസ് ജില്ലാ നേതാക്കൾ ആയ അനിൽ സുഗതൻ ,പി പി സുമനൻ , അഭിലാഷ് ശ്രീധരൻ എന്നിവരും സംസാരിച്ചു.

വൈകുന്നേരം അട്ടപ്പാടിയിലെ മധുവിൻറെ ആറും കൊലയ്ക്ക് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പട്ടുകൊണ്ട് ആലപ്പുഴ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.