Sun. Nov 22nd, 2026

ഭാഗീകകമായി ഒരാള്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ല എന്നതുപോലെ തന്നെ നവഉദാരീകരണ ശക്തികളോട് ഭാഗീകമായി പ്രതികരിക്കാനാവില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ പിന്തുടരുകയും ശക്തമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നവലിബറല്‍ ആശയങ്ങളെ മൂച്ചൂടും തള്ളികളഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ യെച്ചൂരി സംസാരിച്ചത്. അര ഡസനിലധികം ഉപദേശകരുമായി ഭരണം നടത്തുന്ന പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ ലൈന്‍ സിപി ഐ എം നയങ്ങളുമായി യോജിച്ച് പോകുന്നതല്ല എന്ന വ്യാപക വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുന്നതാണ് യെച്ചൂരിയുടെ വാക്കുകള്‍.

നിയോ ലിബറല്‍ നയങ്ങളെ കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ, അതിനെ പുല്‍കുന്ന നിലപാടുകളാണ് പാര്‍ട്ടി കേരളത്തില്‍ സ്വീകരിച്ചു വരുന്നത്. നവലിബറല്‍ നയങ്ങളുടെ വക്താവായ ഗീഥാ ഗോപിനാഥിനെ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമ്പത്തീക ഉപദേഷ്ടാവായി നിയമിച്ചതു വഴി ഇത് ക്രിസറ്റല്‍ ക്ലിയറായി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

മാത്രമല്ല, രാജ്യത്ത് ഇപ്പോഴും ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ജി എസ് ടി യെ തുടക്കത്തില്‍ പിന്തുണച്ചത് ഇതുകൊണ്ടാണ്. നടപ്പാക്കിയ രീതി ശരിയായില്ല എന്ന് പിന്നീട് തിരുത്തിയിരുന്നുവെങ്കിലും ഇത് യെച്ചൂരി പറയുന്ന ലൈനിന് ഘടകവിരുദ്ധമാണ്. നോട്ടു നിരോധനത്തിന്റെ കാര്യത്തിലും അഭിപ്രായം വ്യത്യസ്തമല്ല. കള്ളപ്പണം നിയന്ത്രിക്കാനുള്ള നടപടിയെന്ന നിലയില്‍ തരക്കേടില്ലെന്നും മതിയായ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയെന്നുമാണ് പൊതു നിലപാട്.

വെറുക്കപ്പെട്ടവരോടും പണക്കാരോടും അകലം പാലിക്കണമെന്ന പാലക്കാട് പ്ലീനം റിപ്പോര്‍ട്ട് പാര്‍ട്ടി പുറത്ത് വിട്ടതിന്റെ അടുത്ത ദിവസം റേഞ്ച് റോവര്‍ കാറിലെത്തി നവലിബറല്‍ നയങ്ങളോടുള്ള ചങ്ങാത്തം എം വി ജയരാജന്‍ കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി പൊതു സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഏതാണ്ടെല്ലാ വിഷയങ്ങളിലും ബഹുഭൂരിപക്ഷം നേതാക്കളുടെ നിലപാടും ഇതു ത്‌ന്നെയായിരുന്നു. ഗള്‍ഫ് വ്യവസായികളുമായുള്ള ‘ചങ്ങാത്ത മുതലാളിത്ത’മടക്കമുള്ള കാര്യങ്ങളിലും കേരളത്തിലെ പാര്‍ട്ടി നേതാക്കളില്‍ ഭൂരിഭാഗത്തിന്റേയും നിലപാട് മറ്റൊന്നല്ല.

ഇതിനെയാണ് സാധാരണ, അഥവാ മനസിലാകുന്ന ഉദാഹരണത്തിലൂടെ യെച്ചൂരി പൊളിച്ചടക്കിയത്. ഡോക്ടറുടെ അടുത്തെത്തുന്ന ഗര്‍ഭിണി തനിക്ക ഭാഗീകമായി ഗര്‍ഭമുണ്ടെന്ന് പറയാറില്ല. മറിച്ച് ഗര്‍ഭമുണ്ടെന്നാണ് ഗൈനക്കോളജിസ്റ്റിനോട് പറയുക. ഗര്‍ഭത്തിന് ഭാഗീക നിലനില്‍പ്പില്ല. അതുപോല തന്നെയാണ് നവലിബറല്‍ നയങ്ങളും. നിങ്ങള്‍ക്കതിനെ കൊള്ളാം. അല്ലെങ്കില്‍ തള്ളാം. അല്ലാതെ ഭാഗീകമായി പിന്തുടരാനാവില്ല. ഒന്നുകില്‍ ഉദാരീകരണ ശക്തികള്‍ക്കൊപ്പം.അല്ലെങ്കില്‍ അതിനെതിരെ. ഇതില്‍ മധ്യമാര്‍ഗം ഇല്ല.