ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറി ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂർ സംഗറെഡ്ഢി ജില്ലാ ജയിലിൽ ഒരു ദിവസത്തെ തടവുകാരനായി. തെലുങ്കാനയിൽ ജയിൽ വകുപ്പ് സംഘടിപ്പിച്ച ജയിൽ അനുഭവം എന്ന പരിപാടിയുടെ ഭാഗമായി 500 രൂപ ഫീസ് അടച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽവാസം അനുഷ്ഠിച്ചത്.
220 വർഷം പഴക്കമുള്ള സംഗറെഡ്ഢി ജയിൽ ഈയടുത്താണ് തെലുങ്കാന സർക്കാർ മ്യൂസിയമാക്കി മാറ്റിയത്. ബോബി ചെമ്മണ്ണൂരും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ഒരു ദിവസത്തെ ജയിൽ ജീവിതം അനുഭവിച്ചറിയാൻ സംഗറെഡ്ഢി ജയിലിൽ എത്തിയത്.
ഒരു ദിവസം ജയിലിൽ കിടക്കുക എന്ന ആഗ്രഹം തന്റെ മനസിൽ 15 വർഷം മുമ്പേ ഉണ്ടായിരുന്നുവെന്ന് ബോബി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊലീസ് അധികൃതരുമായി സംസാരിച്ചെങ്കിലും കുറ്റം ചെയ്യാതെ ജയിൽവാസം അനുഭവിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.
ഈയടുത്താണ് പത്രത്തിൽ സംഗറെഡ്ഢി ജയിലിൽ ഇങ്ങനെയൊരു പരിപാടി നടക്കുന്നതായി അറിഞ്ഞതെന്നും ഉടൻ തന്നെ ഇവിടേക്ക് വരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ബോബി പറഞ്ഞു. സാമൂഹിക പ്രവർത്തകനായ അഷീർ അലി, യോഗ അദ്ധ്യാപകൻ പ്രശാന്ത്, വിനോയ് എന്നിവരാണ് ബോബിയോടൊപ്പം ജയിലിൽ ഒരു ദിവസം കഴിഞ്ഞത്.
ജയിലിലെ തടവുകാർക്ക് നൽകുന്ന അതേ ഭക്ഷണം തന്നെയാണ് ബോബിക്കും ജയിൽ അധികൃതർ നൽകിയത്. ജയിലിൽ തടവ് പുള്ളികൾക്ക് നൽകുന്ന എല്ലാ ജോലികളും ബോബിക്ക് അധികൃതർ നൽകി.
നൈസാമിെന്റ ഭരണകാലത്ത് നിർമിച്ച സംഗറെഡ്ഢി ജയിൽ 2012ലാണ് പുതുക്കിപ്പണിത് മ്യൂസിയമാക്കിയത്.