Sun. Nov 22nd, 2026

രാത്രി മൂത്രമൊഴിക്കാന്‍ വീടിനു പുറത്തിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം കുത്തി പരിക്കേല്‍പ്പിച്ചു. പുലിയൂര്‍ സ്വദേശി സിബിന്‍ ഗീവര്‍ഗീസി(16)നാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ സിബിന് 14 തുന്നലുകള്‍ വേണ്ടി വന്നു. അപകടനില തരണം ചെയ്ത കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആലാ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ് സിബിന്‍. മുഖത്തും ശരീരത്തിലും കറുത്ത ചായം തേച്ചാണ് ആക്രമികള്‍ എത്തിയതെന്നും അതിനാല്‍ ആരാണെന്ന് വ്യക്തമല്ലെന്നും കുട്ടി മൊഴി നല്‍കി.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ അടുക്കള ഭാഗത്തെ ലൈറ്റിട്ട ശേഷം മൂത്രമൊഴിക്കാന്‍ പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം രണ്ടു പേര്‍ മരത്തിന്റെ മറവില്‍ നില്‍ക്കുന്നതായി തോന്നി. ആരാണെന്ന് ചോദിച്ചപ്പോള്‍ അടുത്തെത്തിയ സംഘം കത്തിയെടുത്ത് വീശുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും വയറില്‍ മുറിവേറ്റു. ഒപ്പമുണ്ടായിരുന്നയാള്‍ ചവിട്ടി നിലത്തിട്ടു. ബഹളം വെച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സിബിനേയാണ്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാക്കളാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ സമീപത്തെ ചില വീടുകളുടെ കതകില്‍ മുട്ടു കേട്ടതായും പറഞ്ഞു.