സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത, നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിച്ചതിനെക്കുറിച്ച് വിമർശനങ്ങൾ .ഇത് സംബന്ധിച്ച് ഡോ .പി എസ് ജിനേഷിൻറെ ഫേസ് ബുക്ക് പോസ്റ്റ് .ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ
“രണ്ട് നാഷണൽ കോൺഫറൻസുകളുടെ ചിത്രങ്ങളാണ്. സൈക്യാട്രി വിഭാഗത്തിലെ റാഞ്ചിയിൽ വെച്ച് നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ ചിത്രവും വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന കാർഡിയോ തൊറാസിക് സർജറി വിഭാഗം ഡോക്ടർമാരുടെ നാഷണൽ കോൺഫറൻസിന്റെ ചിത്രവും.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് സദ്ഗുരു എന്ന് വിളിക്കപ്പെടുന്ന ഒരു സ്വാമിയാണ്. ഇദ്ദേഹത്തിന്റെ, ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ അപാകത വിവരിച്ചു കൊണ്ടുള്ള വിഡ്ഢിത്തങ്ങൾ നിറഞ്ഞ വീഡിയോ ഏവരും കണ്ടിട്ടുണ്ടായിരിക്കുമല്ലോ ! രുദ്രാക്ഷമാല ഉപയോഗിച്ച് സാമ്പാർ പുളിച്ചത് കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നുണ്ട് അതിൽ.
പക്ഷേ വലിയ പുള്ളിയാണ്. ആത്മീയതക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പത്മവിഭൂഷൻ ലഭിച്ചിട്ടുള്ള ആളാണ്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ആളുടെ പേരിലുണ്ട്.
സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത, നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.
സന്യാസി എന്ന് പറഞ്ഞ് നടക്കുന്നയാളെ ഒരു സെക്കുലർ സ്റ്റേജിൽ ഇരുത്തിയിരിക്കുന്നു എന്നുള്ളതാണ് രണ്ടാമത്തെ വിഷയം.
പൗരാണികതയിൽ ഊന്നിയ രാഷ്ട്രീയവും ഹിന്ദു രാഷ്ട്രീയവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സയൻസ് കോൺഫറൻസ് അതിനുള്ള വേദിയല്ല. അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖ്യശത്രുക്കൾ. ഇവ മൂന്നും കാരണം രക്ഷിക്കപ്പെടാമായിരുന്ന നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ.
നിരവധി മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വിവിധ മതവിഭാഗങ്ങളിലെ പ്രഭാഷകർ പണം സമ്പാദിക്കുന്ന രാജ്യമാണ് ഇന്ത്യ. മരിച്ചുപോയ ആൾക്ക് ജീവൻ തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്, കുടുംബത്തെ മൃതദേഹത്തിന് ചുറ്റും മൂന്നുമാസം കാത്തു നിർത്തി, അനാചാര പ്രക്രിയകൾ നടത്തി, തട്ടിപ്പു നടത്തിയത് ഈ കേരളത്തിലെ മലപ്പുറത്താണ്. ഹോമം നടത്തി ഹൈസ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവൻ ഹോമിച്ചത് പത്തനംതിട്ട ജില്ലയിലാണ്. വിഷ്വൽ ഹിസ്റ്റീരിയയിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പാസ്റ്റർമാരും ഈ സാക്ഷര കേരളത്തിൽ ധാരാളം. ഇന്ത്യയിലെ പൊതുവായ അവസ്ഥ ഇതിലും എത്രയോ മോശം.
ഇവിടെയാണ് സയൻസിന്റെ വേദിയിൽ അശാസ്ത്രീയ പ്രവാചകർ കയറിയിരിക്കുന്നത്.
രണ്ടാമത്തെ ചിത്രം സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ നാഷണൽ കോൺഫറൻസിൽ നിന്ന്. രണ്ടുതവണ ഈ ചിത്രം അവിടെ ഡിസ്പ്ലേ ചെയ്തു.
ഒരു സെക്കുലർ സ്പേസിൽ എന്തിനാണ് ഒരു മതത്തിലെ ദൈവത്തിന്റെ ചിത്രം എന്നുള്ളതാണ് ചോദ്യം. ദൈവമെന്ന അശാസ്ത്രീയ സങ്കൽപ്പത്തിന് ചുറ്റും പണിതുയർത്തിയിരിക്കുന്ന ചൂഷണമെന്ന രമ്യഹർമ്യം ആണ് മതം.
എന്താണോ സയൻസ്, അതിനു നേർവിപരീതമാണ് ദൈവവും മതവും.
തെളിയിക്കപ്പെട്ടത് മാത്രം സയൻസ് സ്വീകരിക്കുമ്പോൾ, ഒരിക്കലും തെളിയിക്കപ്പെടില്ല എന്നുറപ്പുള്ള വിശ്വാസങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒന്നാണ് മതം.
വിഷയത്തിന്റെ ശാസ്ത്രീയ മാനദണ്ഡവും പ്രശ്നമാണ്, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ സെക്കുലർ സ്പെയിസിൽ ഒരു മതത്തിന്റെ കടന്നുകയറ്റവും പ്രശ്നമാണ്.
സ്ഥാനം ഏറ്റെടുത്തപ്പോൾ ഹോമം നടത്തിയ ഐഎംഎ അധ്യക്ഷനെ നമുക്കിവിടെ ഓർക്കാം, ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുമ്പോൾ തേങ്ങ ഉടയ്ക്കുന്നതും നമുക്കിവിടെ ഓർക്കാം, സയൻസ് പഠിപ്പിക്കുന്ന പരിയാരം മെഡിക്കൽ കോളേജിൽ മോഹനനെ അതിഥിയായി വിളിച്ചതും നമുക്കിവിടെ ഓർക്കാം, സൈക്യാട്രിയുടെ അടിസ്ഥാനപ്രമാണങ്ങൾ മഹാഭാരതത്തിൽ ഉണ്ട് എന്നു പറഞ്ഞ് ഐഎംഎ അധ്യക്ഷനെയും നമുക്കിവിടെ ഓർക്കാം, വർഗ്ഗീയതയുടെ അപ്പസ്തോലനായ- ഉത്തമ സന്താനങ്ങൾ ഉണ്ടാകാൻ അദ്ഭുത പൊടി പ്രോത്സാഹിപ്പിച്ച പ്രവീൺ തൊഗാഡിയയെ ഐഎംഎ വേദികളിൽ ക്ഷണിച്ച മെഡിക്കൽ നേതൃത്വത്തെയും നമുക്കിവിടെ ഓർക്കാം…
ഇതിന്റെയെല്ലാം അനുരണനമായാണ് ജനങ്ങൾ അശാസ്ത്രീയതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നടന്നുകയറുന്നത് എന്നും നാം ഓർക്കേണ്ടതുണ്ട്. അവിടെയാണ് വാക്സിൻ വിരുദ്ധതയും വാക്സിൻ വിരുദ്ധരും ക്യാൻസറിനെയും സോറിയാസിസിനെയും ചൂഷണം ചെയ്യുന്ന ശാസ്ത്ര വിരുദ്ധർ ഉദയം ചെയ്യുന്നത്.
സയൻസ് പഠിച്ചവർക്ക് ഇല്ലാത്ത സയൻസ് അവബോധം ജനങ്ങൾക്ക് ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്.
സയൻസ് പഠിച്ച ഡോക്ടർമാർ സ്വയം ചോദിക്കേണ്ട ചോദ്യം.
“നീ എന്തിനാ പഠിച്ചത്” ഗോഡ് ഫാദറിലെ ഇന്നസെന്റ് ചോദിക്കുന്ന ചോദ്യം …”