Fri. Mar 29th, 2024

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവന്‍ നിയമിതനായി.ജനുവരി 14ന് കാലാവധി പൂര്‍ത്തിയാക്കുന്ന എ.എസ് കിരണ്‍ കുമാറിന്റെ പിന്‍ഗാമിയായാണ് തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി കെ.ശിവന്‍ സ്ഥാനമേല്‍ക്കുന്നത്.

ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഇദ്ദേഹം നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ്.

ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒയെ ലോക റെക്കോര്‍ഡിന് അര്‍ഹമാക്കിയ പദ്ധതിയില്‍ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു.

മുമ്പ് ഒരുപാട് മഹാരഥന്മാര്‍ വഹിച്ച സ്ഥാനത്തേക്ക് നിയമിതനായതില്‍ എറെ സന്തോഷമുണ്ടെന്ന് കെ. ശിവന്‍ പുതിയ നിയമനത്തെ കുറിച്ച് പ്രതികരിച്ചു. ഐഎസ്ആര്‍ഒയെ പുതിയ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ഒപ്പം രാജ്യത്തെ സേവിക്കുകയുമാണ് തന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.