Wed. Nov 4th, 2026

സീറോമലബാര്‍ സഭയിലെ കോടികളുടെ ഭൂമിഅഴിമതിയില്‍ ഖേദ പ്രകടനവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി ഇടപാടില്‍ വീഴ്ച സംഭവിച്ചതായി സിനഡില്‍ ആലഞ്ചേരി തുറന്നു സമ്മതിച്ചു. നടപടിക്രമങ്ങളില്‍ സങ്കേതിക പിഴവ് മാത്രമാണ് ഉണ്ടായത്. സിനഡ് അണ്ടയില്‍ ഭൂമി ഇടപാട് ഉള്‍പ്പെടുത്തില്ല. സീറോ അവറില്‍ അടുത്ത ദിവസം വിഷയം ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. ഭൂമി ഇടപാട് എറണാകുളം-അങ്കമാലി രൂപതയെമാത്രം ബാധിക്കുന്ന വിഷയമാണെന്നും ചര്‍ച്ചയില്‍ വാദമുയര്‍ന്നു. സഭയെ ഒന്നടങ്കം ബാധിക്കുന്ന വിഷയമല്ലാത്തതിനാലാണ് അജണ്ട മാറ്റാതിരുന്നത്.

ഇതിനിടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ഓള്‍ ഇന്ത്യ കാത്തലിക് അല്‍മായ ഫോറം രംഗത്ത് എത്തി. ഭൂമി ഇടപാട് വിവാദത്തിന്റെ പേരില്‍ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചില വൈദികര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് അല്‍മായ ഫോറം ആവശ്യപ്പെട്ടു.

രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ളതും 55 ലക്ഷത്തിലധികം വിശ്വാസികളും 35 ധികം രൂപതകളും നിരവധി വൈദികരും സന്യസ്തരും സേവനമനുഷ്ഠിക്കുന്ന സീറോ മലബാര്‍ സഭയുടെ ഒരു രൂപതയിലെ വിരലിലെണ്ണാവുന്ന വൈദികരാണ് സഭാതലവനെതിരെ പ്രചാരണങ്ങള്‍ നടത്തിവരുന്നത്. വൈദികരുടെ നടപടി സഭാവിരുദ്ധവും അധാര്‍മികവും കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഇവര്‍ ചിലരുടെ രഹസ്യ അജണ്ടയ്ക്ക് പാത്രമാവുകയാണെന്നും ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രൂപതയിലെ ഭൂമി വില്‍പ്പനയില്‍ കര്‍ദിനാളിന് യാതൊരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല.

ഫിനാന്‍സ് കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം വില്‍പ്പന നടത്താനുള്ള തീരുമാനത്തിലാണ് കര്‍ദിനാള്‍ ഒപ്പുവെച്ചത്. ഒരു രൂപതയിലുണ്ടായ പ്രശ്നം അവിടത്തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ അല്‍മായരുടെയും വിശ്വാസികളുടെയും ഐക്യനിര രൂപപ്പെടുത്തും. മെത്രാനെ പുറത്താക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് പിന്നില്‍ ഗൂഢതാത്പര്യങ്ങളുണ്ട്. അടുത്ത സിനഡ് ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യും. സിനഡ് തലത്തിലുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. അതിന് മുമ്പ് വിഷയത്തില്‍ കര്‍ദിനാള്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും അല്‍മായ ഫോറം വ്യക്തമാക്കിയിട്ടുണ്ട്.