മാതാവിന്റെ രോഗത്തിൽ മനസ്സ് മടുത്ത മകൻ അമ്മയെ വീടിന്റെ ടെറസിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ദാരുണ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ സന്ദീപ് നെത്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയശ്രീ ബെന്നാണ് എന്ന അറുപത്തിനാലുകാരിയായ്ക്കാണ് മകന്റെ കൈകൾ കൊണ്ട് മരണം സംഭവിച്ചത്. ഇവരുടെ ഏക മകനാണ് സന്ദീപ്. അമ്മ കെട്ടിടത്തിന്റെ ടെറസിൽനിന്ന് കാൽവഴുതിവീണ് മരിച്ചെന്നാണു മകൻ പൊലീസിന് ആദ്യഘട്ടത്തിൽ മൊഴി നൽകിയത്. ഈ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമൊന്നും തോന്നിയില്ല. അതിനാൽ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.

