Thu. Apr 25th, 2024

അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയില്‍ സീരിയല്‍ നടി ഉമാ നായരെ ജയന്റെ അനിയന്റെ മകള്‍ എന്ന് പറഞ്ഞു പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തതു തെറ്റിധാരണ പരത്തുന്നതാണെന്നും കാണിച്ച് പരിപാടി ടെലികാസ്റ്റ് ചെയ്ത ശേഷം ജയന്റെ അനിയന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി നടത്തിയ ഫെയ്സ്ബുക്ക് ലൈവ് വൈറലായിരുന്നു.

ഇപ്പോള്‍ അനിയത്തിക്കു പിന്നാലെ പിന്തുണയുമായി വിവാദത്തില്‍ പങ്കുചേര്‍ന്ന് ലക്ഷ്മി ശ്രീദേവിയുടെ സഹോദരനും സീരിയല്‍ നടനുമായ ആദിത്യനും രംഗത്തെത്തിയിരിക്കുന്നു.

ജയന്‍ സാറിന്റെ അനുജന്റെ മകള്‍ എന്ന് പറഞ്ഞാണ് ഷോയില്‍ ഉമ നായരെ റിമി പരിചയപ്പെടുത്തിയത്. ഇതിന് മറുപടിയായി നടി പറഞ്ഞത് ജയന്‍ തന്റെ വല്യച്ഛനാണെന്നാണ്. ജയനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിനുളള ഭാഗ്യം ദൈവം എനിക്ക് തന്നില്ലെന്നും ഉമാ നായര്‍ പറഞ്ഞു.

ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും സഹോദരങ്ങളുടെ മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദിത്യന്റെ പുതിയ വീഡിയോ വന്നതിനു ശേഷം വീണ്ടും വെട്ടിലായിരിക്കുകയാണ് ഉമാ നായര്‍.

തന്റെ അനുജത്തിയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ ആദിത്യന്‍ വീഡിയോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ തനിക്ക് ലഭിച്ചുവെന്നും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി.

മഴവില്‍ മനോരമയുടെ ചാനല്‍ ഷോ കണ്ട് അനുജത്തി തന്നെ വിളിച്ചിരുന്നു. കുടുംബക്കാരും ഉമാ നായരെ അറിയുമോ എന്ന് ചോദിച്ച് തന്നെ വിളിച്ചിരുന്നു. എന്നാല്‍, പണ്ട് എന്തോ ബന്ധമുണ്ടെന്ന് തിരക്കി വിളിച്ചിരുന്നു എന്ന് മറുപടി പറയേണ്ടി വന്നുവെന്നും ആദിത്യന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഉമ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കണം എന്നു തോന്നിയതു കൊണ്ടാണ് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ അനുജത്തി ന്യൂസിലാന്‍ഡില്‍ വിവാഹശേഷം സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയാണ്.

അവളുടെ വിവാഹത്തിന് എല്ലാ ബന്ധുക്കളും വന്നിരുന്നു. എന്നാല്‍, ഇവര്‍ അക്കൂട്ടത്തില്‍ ഉണ്ടായില്ലെന്നും ആദിത്യന്‍ പറയുന്നു. അവള്‍ക്ക് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ജയന്റെ അനുജന് മൂന്ന് മക്കളാണുള്ളത്. രണ്ടാണും ഒരു പെണ്ണും. കണ്ണന്‍, ആദിത്യന്‍, ലക്ഷ്മി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.

ലക്ഷ്മിയുടെ വീഡിയോ കണ്ട് ഉമ നായര്‍ തന്നെ വിളിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയല്‍ സൈറ്റില്‍ വച്ചാണ് ഉമയെ കണ്ടത്. അന്ന് അകന്ന ബന്ധുവാണെന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വല്ല്യച്ഛനെന്ന് വിളിക്കാന്‍ മാത്രം അടുപ്പവും അവകാശവും ലക്ഷ്മിക്കും മക്കളായ തങ്ങള്‍ക്കും മാത്രമാണുള്ളതെന്നനും ആദിത്യന്‍ പറയുന്നു.

ജയന്റെ അനിയന്റെ മകള്‍ എന്നു കാണിക്കാന്‍ ഉമാ നായര്‍ ഒരു പഴയ ഫോട്ടോ ഉപയോഗിച്ചാണ് വീഡിയോയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതിനേയും ആദിത്യന്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അത് ശെരിയല്ലെന്നും ഓര്‍മിപ്പിക്കുന്ന ആദിത്യന്‍ മുമ്പ് ജയന്റെ മകനാണെന്നും പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവന്‍ തടിതപ്പിയെന്നും കൂടെ ചേര്‍ക്കുന്നു.