Sun. Nov 22nd, 2026

പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴിലുടമകള്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. പരാതി ലഭിച്ചിട്ടില്ലെന്നും നടപടി വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു.

മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

എന്നാല്‍ അന്‍വറിനെ ന്യായീകരിക്കുന്ന നിലപാടാണ് കൂടരഞ്ഞി പഞ്ചായത്ത് സ്വീകരിച്ചത്. പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ നിര്‍മ്മിച്ച റോപ് വേ പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ തീരുമാനമില്ല. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് റോപ്പ് വേ ടവറുകള്‍ നിര്‍മ്മിച്ചത്. തടയണ മാത്രമല്ല, തൊട്ടു ചേര്‍ന്ന് നിര്‍മിച്ച റോപ് വേയും അനധികൃതമാണന്ന് കണ്ടെത്തിയിട്ടുണ്ട്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് റോപ്വേ ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2015ല്‍ തടയണ നിര്‍മാണത്തിന് ജില്ലാ കലക്ടറായിരുന്ന ടി. ഭാസ്‌ക്കരന്‍ സ്റ്റാപ്പ് മെമ്മോ നല്‍കിയിരുന്നു.