Thu. Apr 18th, 2024

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവഗണിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. മുന്‍കാലങ്ങളില്‍ നടിമാരായ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജീഷയ്ക്കും കൊടുത്ത പരിഗണന സുരഭിക്ക് കൊടുക്കാത്തത് മറവി മൂലമാണെങ്കില്‍ അത് മാന്യമായി സമ്മതിക്കണം. പരിമിതികളുണ്ടായിട്ടും താരാധിപത്യം കൊടികുത്തി വാഴുന്ന ഭാഷയില്‍ നിന്നും സുരഭി വാങ്ങിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുക്കുന്നത് കേവല മര്യാദയാണെന്നും ശാരദക്കുട്ടി പറഞ്ഞു.

ഡോ.എസ്.ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

പ്രിയമുള്ള ശ്രീ കമൽ,
മിന്നാമിനുങ്ങ് എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കാത്തതല്ല ഇവിടെ വിഷയം… സുരഭിക്ക് വീട്ടിൽ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല.വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേർന്നതല്ല. മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാൻ. ആ ചിത്രം ഒരു ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കത്തക്ക മികവുള്ളതായി ഞാൻ കരുതുന്നില്ല. പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങൾക്കിടയിൽ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയിൽ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തിൽ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാൻ ആ വേദിയിൽ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു.

ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നിൽ ഒന്നുയർത്തിക്കാട്ടാൻ നമുക്കവസരമുണ്ടാവുക? ഉന്നത നിലവാരമുള്ള ഒരു മേള സർക്കാർ ചെലവിൽ സംഘടിപ്പിക്കുമ്പോൾ അതിൽ മുൻകാലങ്ങളിൽ മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനും ഇപ്പോൾ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കിൽ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത.

പൊതുജനങ്ങൾ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവർ പ്രവർത്തിക്കുന്ന ചലച്ചിത്ര ലോകം നൽകുന്ന പിന്തുണക്കു തുല്യമാകില്ല അത്. സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന wccക്ക് സർവ്വ പിന്തുണയും നൽകിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകർ. സുരഭി യെ അംഗീകരിക്കുവാൻ ഒപ്പം നിന്നിരുന്നുവെങ്കിൽ WCC യുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയർത്തിയ വരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളിൽ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാൻ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോർട്ടുകൾ സിനിമയിൽ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യ.