Fri. Mar 29th, 2024

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്ത് അരങ്ങേറിയ ഉമ്മച്ചിക്കുട്ടികളുടെ ഫ്‌ളാഷ് മോബ്. ജിമിക്കി കമ്മല്‍ പാട്ടിനു ചുവട് വെച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു.

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മലപ്പുറം ടൗണില്‍ സ്വകാര്യ കോളെജിലെ ഏതാനും വിദ്യാര്‍ഥിനികള്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയത്. ഇതിനെതിരെ നിരവധി അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ നിരവധി സദാചാരവാദികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളേയും അവരുടെ വീട്ടുകാരേയും വരേ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഫെസ്ബുക്ക് ആങ്ങളമാര്‍ നടത്തിയത്.ഇപ്പോള്‍ ഫ്‌ളാഷ് മോബിനെ തന്നെ തെരുവ് നൃത്തം എന്ന തരത്തില്‍ വ്യാഖാനിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. ഒരു പൊതു വേദിയില്‍ നടന്ന പ്രസംഗത്തിനിടെയാണ് പോലീസുകാരന്റെ ഈ പരാമര്‍ശം.

ഇപ്പോള്‍ എവിടെയാണ് ഡാന്‍സ് കളിക്കേണ്ടതെന്നു കുട്ടികള്‍ക്ക് അറിയില്ലെന്നും മുന്‍പൊക്കെ കുട്ടികള്‍ സ്‌റ്റേജില്‍ മാത്രമാണ് ഡാന്‍സ് കളിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ ബസ് സ്‌റ്റോപ്പിലും ബസ് സ്റ്റാന്റിലുമൊക്കെയായി എന്നാണ് സി.ഐയുടെ പരാമര്‍ശം.

എവിടെ നിന്നാണ് ഈ സംസ്‌കാരം വന്നെതെന്നു തനിക്ക് മനസിലാകുന്നില്ലെന്നും ഇതൊക്കെ വിവരദോഷികള്‍ ചെയ്യുന്ന കൃത്യമാണെന്നുമാണ് സി.ഐയുടെ പക്ഷം. ഇതില്‍ ആരും അഹങ്കാരം കൊള്ളേണ്ടെന്നും ബോധമുള്ളവര്‍ നിങ്ങളെ ശപിക്കും എന്നുമാണ് വിഡിയോയിലൂടെ സി.ഐ പറയുന്നത്. സി.ഐയുടെ പരാമര്‍ശമടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഇത്തരത്തില്‍ മലപ്പുറത്ത് ഉമ്മച്ചിക്കുട്ടികളുടെ ഫ്‌ളാഷ് മോബിനെതിരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് എത്തിയത്. എന്നാല്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടി നല്‍കുകയും ഫ്‌ളാഷ് മോബിനേയും പെണ്‍കുട്ടികളേയും അനുകൂലിച്ച് നിരവധിപ്പേര്‍ ഫേസ്ബുക്ക് ലൈവിലൂടെയും അല്ലാതെയുമൊക്കെ രംഗത്തെത്തിയിരുന്നു.

മുസ്ലിം പെണ്‍കുട്ടികള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ ഇസ്ലാമിക മതത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകുമെന്നും ഫ്‌ളാഷ്‌മോബ് പോലുള്ള കാര്യങ്ങള്‍ ഇസ്ലാം മത വിശ്വാസങ്ങള്‍ക്ക് എതിരാണെന്നുമാണ് വിമര്‍ശകരായ ഫേസ്ബുക്ക് ആങ്ങളമാര്‍ പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ പെണ്‍കുട്ടികളേയും അവരുടെ വീട്ടുകാരെയും തെറി പറഞ്ഞും അസഭ്യ ഭാഷയില്‍ ശകാരിച്ചുമൊക്കെയാണ് സദാചാരവാദികള്‍ അഭിപ്രായപ്രകടനം നടത്തിയത്.

എന്നാല്‍ പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിതെ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടുന്ന കാര്യമെന്ന തരത്തില്‍ വിമര്‍ശിക്കുന്നവര്‍ നടത്തുന്ന ഇത്തരം തെറി വിളികളും അസഭ്യം പറച്ചിലും കൊണ്ടു ഇസ്ലാം മതത്തില്‍ നിന്നും സമൂഹത്തിന് എന്ത് ശരിയായധാരണയാണ് നല്‍കുന്നതെന്നു ചോദിച്ചും പലരും അഭിപ്രായപ്രകടനം നടത്തിയിരുന്നു.

മതമൗലീക വാദികള്‍ക്കുള്ള മറുപടി എന്ന രീതിയില്‍ എസ്.എഫ്.ഐ നടത്തിയ ഫ്‌ളാഷ് മോബും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു. ഇതിനെ അനുകൂലിച്ച് നിരവധി ആളുകള്‍ അഭിപ്രായ പ്രകടനം നടത്തുകയും എസ്.എഫ്.ഐക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തിരുന്നു.