Sun. Nov 22nd, 2026

തേങ്കുറിശ്ശി വെമ്പല്ലൂരില്‍ അമ്മയെയും സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളെയും വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേക്കിന്‍കാട്‌ വീട്ടില്‍ രതീഷിന്റെ ഭാര്യ പത്മാവതി (33), മക്കളായ ശ്രീലക്ഷ്‌മി (ഏഴ്‌), ശ്രീലേഖ (നാല്‌) എന്നിവരാണ്‌ മരിച്ചത്‌. പരസ്‌പരം ഷാള്‍ ഉപയോഗിച്ച്‌ കെട്ടിയ നിലയിലാരുന്നു മൃതദേഹങ്ങള്‍ കിടന്നത്‌.

ശനിയാഴ്‌ച രാത്രി ഭാര്യയും മക്കളുമായാണ്‌ രതീഷ്‌ ഉറങ്ങാന്‍ കിടന്നത്‌. രാവിലെ ആറോടെ രതീഷ്‌ എഴുന്നേറ്റപ്പോള്‍ ഭാര്യയെയും മക്കളെയും കാണാനില്ലായിരുന്നുവെന്ന്‌ രതീഷ്‌ പുതുനഗരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ കുളത്തില്‍ കുളിക്കാനെത്തിയവരാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. ഭര്‍ത്താവ്‌ മര്‍ദിക്കുന്നതായും താനും മക്കളും ആത്മഹത്യ ചെയ്യുമെന്നും ഫോണ്‍ വിളിച്ചു പറഞ്ഞതായി പത്മാവതിയുടെ അമ്മ സിലോമണി പോലീസിനോട്‌ പറഞ്ഞു.

പത്മാവതിക്ക്‌ സ്വകാര്യ പണമിടപാടു സ്‌ഥാപനങ്ങളില്‍ ബാധ്യതയുണ്ടെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണെന്നു ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു. പത്മാവതിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ മര്‍ദനമേറ്റതാണോയെന്ന്‌ പരിശോധിക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ കുഴല്‍മന്ദം സി.ഐ: എ.എം. സിദ്ദീഖ്‌ പറഞ്ഞു.

വടക്കഞ്ചേരിയിലെ റബര്‍ തോട്ടത്തിലാണ്‌ പത്മാവതി ജോലി ചെയ്യുന്നത്‌. മക്കളിരുവരും വെമ്പല്ലൂര്‍ ജൂനിയര്‍ ബേസിക്‌ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്‌. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.