Mon. Nov 23rd, 2026

ഒരു കൊലപാതകം മറയ്ക്കാൻ മറ്റൊരു കൊലപാതകം. രണ്ടും മുൻകൂട്ടി തീരുമാനിച്ചതുപോലെ നടപ്പാക്കി. ആദ്യം കൊന്നത് സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെയാണെങ്കിൽ രണ്ടാമതു കൊന്നത് ആദ്യ കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്തിനെ. തെളിവുകൾ കിട്ടാത്തവിധം കുറ്റകൃത്യം ചെയ്യാൻ ധൈര്യം സംഭരിച്ചത് സിനിമ കണ്ട്. എന്നിട്ടും ഇരുപത്തിയഞ്ചുകാരനായ എടത്വ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യു (മനു-25) പൊലീസിന്റെ പിടിയിലായി.

എടത്വ പച്ച സ്വദേശി മധുവിനെയും (40), മധുവിനെ കൊല്ലാൻ സഹായിച്ച സുഹൃത്ത് എടത്വ ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗ്ഗീസ് ഔസേഫിനെയും (ലിന്റോ-28) കൊലപ്പെടുത്തിയ കേസിലാണ് മോബിൻ അകത്തായത്. ക്രിമിനൽ സ്വഭാവമുള്ള ആളായിരുന്നെങ്കിലും ഇതുവരെ വലിയ കേസുകളിൽപ്പെട്ടിരുന്നില്ല. പട്ടികജാതി വിഭാഗക്കാരനും കൂലിപ്പണിക്കാരനും അവിവാഹിതനുമായ മധു തന്റെ സഹോദരിയെ ശല്യം ചെയ്യുന്നുവെന്ന് മോബിൻ സുഹൃത്തുക്കളോടു പറയുമായിരുന്നു. മധുവിനെ ഇല്ലാതാക്കാൻ കരുക്കൾ നീക്കി. പക്ഷേ, ഇക്കാര്യം പുറമേ കാട്ടിയില്ല. ബന്ധുവിന്റെ കുട്ടിയുടെ മാമോദീസ ദിവസം രാത്രിയിൽ മോബിൻ മുൻകൈയടുത്ത് മദ്യസൽക്കാരം നടത്തിയതും മധുവിനെ ക്ഷണിച്ചതും എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമായിരുന്നു. ഇക്കാര്യം ബാല്യകാല സുഹൃത്ത് ലിന്റോയെ അറിയിക്കുകയും ചെയ്തു.

കൊലപാതകത്തിനു മുമ്പും ശേഷവുമായി 17 തവണയാണ് മോബിൻ ദൃശ്യം സിനിമ കണ്ടത്. കൊലപാതകം എങ്ങനെ നടത്തണമെന്നും, എങ്ങനെ തെളിവ് നശിപ്പിക്കണമെന്നും പഠിക്കാനായിരുന്നു സിനിമ കാണൽ. പൊലീസ് ചോദ്യം ചെയ്താൽ പിടിച്ചുനിൽക്കാൻ എന്തൊക്കെ പഴുതുകൾ ഒരുക്കണമെന്നും സിനിമ കണ്ട് മനപ്പാഠമാക്കി. മാമോദിസ ദിവസം രാത്രിയിൽ മോബിനും ലിന്റോയും മധുവും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ മദ്യപാനം തുടങ്ങി. കഞ്ചാവുമുണ്ടായിരുന്നു .

എല്ലാവരും കഴിച്ച് ലഹരിയിലേക്കു വഴുതിയപ്പോഴും മോബിൻ മദ്യം കഴിക്കുന്നപോലെ അഭിനയിക്കുകയായിരുന്നു. പക്ഷേ, കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ, മുഖത്തേക്ക് ടോർച്ചടിച്ചെന്ന പേരിൽ മോബിനും മധുവും തമ്മിൽ വാക്കേറ്റമുണ്ടായി. ഒമ്പതു മണിയോടെ എല്ലാവരും പിരിഞ്ഞിട്ടും മോബിനും ലിന്റോയും മധുവും പോയില്ല. മധു അത്ര ഫിറ്റല്ലെന്ന് ബോദ്ധ്യമായ മോബിൻ വീണ്ടും മദ്യം വരുത്തിച്ചു. ഇതോടെ ലക്കുകെട്ട മധുവിനെ നീയെന്റെ സഹോദരിയുടെ പിറകേ നടക്കുമോടാ എന്നാക്രോശിച്ചുകൊണ്ട് ലിന്റോയുടെ സഹായത്തോടെ കെട്ടുകമ്പി കഴുത്തിൽ മുറുക്കി മോബിൻ തെങ്ങിനോടു ചേർത്തുകെട്ടി. മരിച്ചെന്നുറപ്പായപ്പോൾ സമീപത്തെ വെള്ളക്കെട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു.

രാത്രി വീട്ടിൽനിന്നു പോയ മധു തിരിച്ചെത്തിയില്ലെന്ന് രാവിലെ സഹോദരി അതുവഴി വന്ന ബന്ധുവിനോട് പറഞ്ഞു. മദ്യസൽക്കാരം നടന്ന പറമ്പിൽ ബന്ധു ചെന്നു നോക്കി. മധുവിന്റെ കൈലിമുണ്ട് വെള്ളക്കെട്ടിൽ കണ്ടെത്തി. ഇത് സഹോദരിയും തിരിച്ചറിഞ്ഞു. തുടർന്ന് വെള്ളത്തിലിറങ്ങി തെരഞ്ഞപ്പോഴാണ് മൃതദേഹം കാലിൽ തടഞ്ഞത്. പൊലീസ് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കഴുത്തുഞെരിച്ചായിരുന്നു കൊന്നതെന്ന് വ്യക്തമായി. മൃതദേഹം കണ്ടെത്തുന്ന ദിവസം രാവിലെ ഈ പറമ്പിൽ ലിന്റോ ചുറ്റിത്തിരിയുന്നത് മധുവിന്റെ സഹോദരി കണ്ടിരുന്നു. ചോദിച്ചപ്പോൾ വെളിക്കിരിക്കാൻ വന്നതാണെന്നായിരുന്നു മറുപടി. സഹോദരിയുടെ മൊഴി ലിന്റോയെ സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. മൃതദേഹം പുറമേ കാണാൻ കഴിയുമോ എന്നറിയാൻ മോബിനാണ് ലിന്റോയെ പറഞ്ഞുവിട്ടതെന്ന് എസ്.എം.എസ് സന്ദേശത്തിൽ നിന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു.

മധുവിന്റെ ഘാതകരെ കണ്ടെത്താൻ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ പ്രധാന ഭാരവാഹി മോബിന്റെ ബന്ധുവായിരുന്നു. മോബിനും ലിന്റോയുമൊക്കെ സജീവ പ്രവർത്തകരും. പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയുമായി ഇരുവരും നിറഞ്ഞുനിന്നു. മധുവിന്റെ സംസ്കാര ചടങ്ങിലുമുണ്ടായിരുന്നു ഈ നിറസാന്നിദ്ധ്യം. പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ സാക്ഷി ലിന്റോ ആയിരുന്നു. പൊലീസിനെ വഴിതെറ്റിക്കാൻ സിനിമയിൽ കണ്ടതിനെ മറ്റൊരു രൂപത്തിൽ അവർ പ്രയോഗിക്കുകയായിരുന്നു.

ഐ.ടി.ഐ വിദ്യാഭ്യാസമുള്ള മോബിൻ കൊലപാതക ശേഷം ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ഇതിനു മുമ്പ് സജീവമായിരുന്നു. മൊബൈൽ ഫോൺ ഉപയോഗവും കുറച്ചു. മറ്റുള്ളവരുടെ ഫോണിൽ നിന്ന് വിളിക്കുകയോ, സിം മറ്റ് ഫോണിലിട്ട് വിളിക്കുകയോ ആയിരുന്നു പതിവ്. വാട്ട്സാപ്പ് കോളുകളും ഉപയോഗിച്ചു. മൊഴിയെടുക്കാൻ വിളിക്കുമ്പോൾ പൊലീസ് എന്തെങ്കിലും സംശത്തോടെ ചോദിച്ചാൽ, ‘സാറ് എന്റെ ടവർ ലൊക്കേഷൻ നോക്ക്’ എന്ന് പരിഹാസരൂപേണ മറുപടി പറയും. സ്വന്തം ഫോൺ ടവർ ലൊക്കേഷനിൽ വരാതിരിക്കാൻ കരുക്കൾ നീക്കിയിരുന്നു. ഇയാളുടെ ഈ അമിത ആത്മവിശ്വാസമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. ഇതിനിടെ, കൂട്ടുപ്രതി ലിന്റോ പതറുന്നുണ്ടോ എന്നൊരു സംശയം മോബിനുണ്ടായി.

മൊഴിയിൽ സംശയം തോന്നിയതോടെ നുണപരിശോധനയ്ക്ക് വിധേയനാവണമെന്ന് ലിന്റോയ്ക്ക് പൊലീസ് രേഖാമൂലം അറിയിപ്പ് നൽകുന്നു. ഇതോടെ ലിന്റോ തകർന്നു. ഇനി പിടിച്ചു നിൽക്കാനാവില്ലെന്നും എല്ലാം തുറന്നുപറയുമെന്നും മോബിനെ അറിയിച്ചു. അരുതെന്ന് മോബിൻ വിലക്കി. ഒരു ദിവസം ആലപ്പുഴയിലെത്തിയ ലിന്റോയോട് മൊബൈൽഫോൺ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും സ്വിച്ചോഫ് ആക്കാനും മോബിൻ ആവശ്യപ്പെട്ടു. മോബിന്റെ അതിബുദ്ധി മനസിലാവാതിരുന്ന ലിന്റോ ഫോൺ ഓഫാക്കി. ഇതിനിടെ ലിന്റോയെ കാണാതാവുന്നു.

നുണപരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ലിന്റോയെ ‘അപ്രത്യക്ഷ’നാക്കിയ മോബിൻ ഇയാളെ നാട്ടിൽത്തന്നെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിക്കുന്നു. മൂന്നുനേരവും ഭക്ഷണം എത്തിച്ചു. ഒളിവുജീവിതം ദിവസങ്ങൾ നീണ്ടപ്പോൾ മടുത്തുപോയ ലിന്റോ എല്ലാം തുറന്നു പറയുമെന്ന് നിലപാട് ആവർത്തിച്ചു. ലിന്റോ ജീവിച്ചിരിക്കുന്നത് അപകടമാണെന്ന് ബോദ്ധ്യമായ മോബിൻ തന്റെ പിതൃസഹോദരന്റെ മകൻ ജോഫിനെ വിളിച്ചുവരുത്തിഒന്നുകൂടി പറഞ്ഞുനോക്കാം, വഴങ്ങുന്നില്ലെങ്കിൽ തീർത്തേക്കാം എന്ന നിലപാടിൽ രണ്ടുപേരും എത്തി. ഒന്നും പുറത്തു പറയരുതെന്ന് ലിന്റോയെ വീണ്ടും ഉപദേശിച്ചു. പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെന്ന് ലിന്റോ പറഞ്ഞതോടെ മരക്കമ്പുകൊണ്ട് മോബിൻ തലയ്ക്കു പിന്നിൽ ആഞ്ഞടിച്ചു. ബോധരഹിതനായതോടെ, മോബിൻ ഓടിക്കുന്ന മീൻവണ്ടിയിൽ ശരീരം വരിഞ്ഞുകെട്ടി രാത്രിയിൽ തകഴി ലെവൽ ക്രോസിലെത്തിച്ച് പാളത്തിൽ കിടത്തിയ ശേഷം സ്ഥലം വിട്ടു. ട്രെയിൻ തട്ടി തെറിച്ച മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ വീണു. സെപ്തംബർ 19ന് ലിന്റോയുടെ അസ്ഥികൂടം കണ്ടെത്തി. സമീപമുണ്ടായിരുന്ന പഴ്സിൽ നിന്നു ലഭിച്ച കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

മധു കൊല്ലപ്പെട്ട ദിവസം അവിടെ ഉണ്ടായിരുന്ന ആളിന്റേതാണ് റെയിൽവേ ട്രാക്കിനടുത്തു കണ്ട അസ്ഥികൂടമെന്നും ഇയാളും മധുവും മോബിനുമാണ് മദ്യസൽക്കാരത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നതെന്നും തിരിച്ചറിഞ്ഞ പൊലീസ്, മോബിനെ കസ്റ്റഡിയിലെടുത്തു. അതിനിടെ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തി. കഴിഞ്ഞ ആഴ്ച കേസ് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും മുമ്പ് ,തത്ത പറയും പോലെ മോബിൻ എല്ലാം പറഞ്ഞു. ഇതോടെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം മോബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.