കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍ ഒരുങ്ങുന്നു. അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാര്‍ സ്‌കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും മുന്‍കൈ എടുത്താണ് മ്യൂസിയം ഒരുക്കിയത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍ പി സ്‌കൂളിലാണ് മ്യൂസിയം തയ്യാറാകുന്നത്.

നിലമ്പൂര്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും മറ്റിടങ്ങളിലേയും ആദിവാസി കുടുംബങ്ങളും ജീവിതരീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡോക്യുമെന്ററിയും ആദിവാസി നിഘണ്ടുവും ഉള്‍പ്പെടുന്ന വിഭാഗവും കാടിന്റെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ വേഷം, വിവിധ ഗോത്രങ്ങളുടെ ജീവിത രീതി, കുടുംബങ്ങള്‍, കാട്ടുകനികള്‍, വിഭവങ്ങള്‍, ആഹാരം, ആഘോഷം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ നേര്‍ക്കാഴ്ചയും, ഇവരുടെ ആയുധങ്ങള്‍, ആഭരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, കലാരൂപങ്ങള്‍, നൃത്തങ്ങള്‍, സംസ്‌കാരം എന്നിവ കാന്‍വാസുകളിലും, കുടിലുകളിലും ഗുഹാനിര്‍മിതികളിലുമായി സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിലമ്പൂരിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നത്. വീട്ടിക്കുത്ത് സ്‌കൂള്‍ കോംപൗണ്ടില്‍ ഏറുമാടങ്ങളും കുടിലുകളും നിര്‍മിക്കുന്ന പ്രവര്‍ത്തികളും നടന്നുവരുന്നു. പൊതുഭരണവകുപ്പ് ഫണ്ടുപയോഗിച്ച് മലപ്പുറം ജില്ലാ ഡയറ്റിന് കീഴിലാണ് പദ്ധതി ഒരുങ്ങുന്നത്.

പൊതുഭരണവകുപ്പിന്റെ മൂന്ന് ലക്ഷം രൂപയും പി ടി എയും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് മ്യൂസിയം സ്ഥാപിക്കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും പൊതുപങ്കാളിത്തത്തോടെ ഉയിര്‍ത്തെഴുന്നേറ്റ വീട്ടിക്കുത്ത് ജി എല്‍ പി സ്‌കൂളിന്റെ മികവിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് ഈ മ്യൂസിയം. പ്രധാനധ്യാപകന്‍ ഇല്ലക്കണ്ടി അബ്ദുല്‍ അസീസിന്റേയും പിടിഎ ഭാരവാഹികളുടേയും നേതൃത്വത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. കലാകാരനായ രാജന്‍ ചക്കാലക്കുത്താണ് രൂപകല്‍പനയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കലാകാരനായ അനില്‍ അരവിന്ദ് ചുമര്‍ ചിത്രങ്ങളും തയ്യാറാക്കി. ഈ മാസം അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാകും. ഈ മാസം അവസാനത്തോടെ വിദ്യാഭ്യാസ മന്ത്രി മ്യൂസിയം നാടിനു സമര്‍പ്പിക്കും.